EVENTS

Seed Launching -kollam District

June 05
12:53 2016

മാതൃഭൂമി സീഡ് എട്ടാംവര്‍ഷത്തിന് ഉജ്ജ്വലമായ തുടക്കം

സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണ-മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: പരിസ്ഥിതിസംരക്ഷണത്തിന്റെ പാഠങ്ങള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്ന മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആദരവര്‍ഹിക്കുന്നതാണെന്നും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയും സഹായവും ഇതിനുണ്ടാകുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സീഡ് എട്ടാം വര്‍ഷത്തെ ജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പരിസ്ഥിതിദിനത്തില്‍ രാമന്‍കുളങ്ങര സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എന്‍.വിജയന്‍ പിള്ള എം.എല്‍.എ. അധ്യക്ഷനായി.

മനുഷ്യനെതിരേ പ്രകൃതി പ്രത്യാക്രമണം തുടങ്ങിയിരിക്കുന്നു. സമീപകാലത്ത് അനുഭവപ്പെട്ട വര്‍ധിച്ച ചൂട്, വരള്‍ച്ച തുടങ്ങിയവ അതിന്റെ സൂചനയാണ്. മനുഷ്യന്‍ വികസനത്തിന്റെ പേരില്‍ നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ക്കെതിരായ പ്രപഞ്ചത്തിന്റെ പ്രതികരണമാണത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ മാത്രമൊതുക്കാതെ പൊതുസമൂഹത്തിലുമെത്തിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. അതിന് സാക്ഷരതാപ്രസ്ഥാനം പോലെ, അധികാരവികേന്ദ്രീകരണപ്രസ്ഥാനം പോലെ ഒരു ജനകീയപ്രസ്ഥാനം തുടങ്ങാന്‍ സമയമായി-മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പരിസ്ഥിതിസംതുലനം കാത്തുസൂക്ഷിക്കുന്ന ജീവിതരീതിയിലേക്ക് കുരുന്നുകളെ സജ്ജരാക്കുന്ന സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സഹായം തുടര്‍ന്നും ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളിയും അനുയോജ്യമല്ലാത്ത വികസനപ്രവര്‍ത്തനങ്ങളിലൂടെയും പരിസ്ഥിതിപ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്. ഇങ്ങനെ മലിനമായ പ്രകൃതി മനുഷ്യരെ രോഗങ്ങള്‍ക്ക് അടിമയാക്കുമെന്നും അതിന് പരിഹാരം കാണാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും എന്‍.വിജയന്‍ പിള്ള എം.എല്‍.എ. പറഞ്ഞു.
ഉദ്ഘാടനപ്രസംഗത്തിനുശേഷം സ്‌കൂള്‍ മുറ്റത്ത് കഴിഞ്ഞവര്‍ഷം നട്ട വൃക്ഷത്തൈയ്ക്ക് മന്ത്രിയും എം.എല്‍.എ.യും വെള്ളമൊഴിച്ചു. നട്ട വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന സന്ദേശമാണ് അതിലൂടെ സീഡ് നല്‍കിയത്. മന്ത്രി സ്‌കൂള്‍ വളപ്പില്‍ വേപ്പിന്‍ തൈ നടുകയും ചെയ്തു.

മാതൃഭൂമി റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ്കുമാര്‍ സീഡിന്റെ ഈ വര്‍ഷത്തെ പദ്ധതികള്‍ വിശദീകരിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ആര്‍.ഗോപകുമാര്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, പ്രിന്‍സിപ്പല്‍ കെ.ഹരി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വിനു ജെ.ജെ. എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. സുജിത്ത്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഡോ. രാജീവ്, വൈസ് പ്രിന്‍സിപ്പല്‍ മറിയാമ്മ എബ്രഹാം, കാമ്പസ് മാനേജര്‍ എബി എബ്രഹാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ.വി.ടി. ഫുഡ് പ്രോഡക്ട്‌സ് ഉടമ രഘുനാഥന്‍ പിള്ള ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് വിവരിച്ചു. ഭക്ഷണം തന്നെയാണ് ഔഷധം എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

പൊരുതാം കാടിനും നാടിനും-വനവിഭവചൂഷണത്തോട് സന്ധിയില്ല എന്ന സന്ദേശം മുദ്രണം ചെയ്ത ചിത്രത്തിന് ജെം ഓഫ് സീഡായി തിരഞ്ഞെടുത്ത അനുരാഗ് ആര്‍. (എം.എസ്.യു.പി.എസ്. മഞ്ഞപ്പാറ), നിഖില്‍ കെ.വി. (വി.എസ്.വി.എച്ച്.എസ്.എസ്. എഴുകോണ്‍), ദേവാനന്ദ് എസ്. (കെ.പി.എം. മോഡല്‍ സ്‌കൂള്‍ മയ്യനാട്), ശ്രീനാഥ് ആര്‍. പിള്ള (ഡി.വി.വി. എച്ച്.എസ്.എസ്. മൈലം) എന്നിവര്‍ നിറം നല്‍കിയും കൈയൊപ്പ് ചാര്‍ത്തിയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.



Write a Comment

Related Events