EVENTS

ആനയ്ക്ക് കറുപ്പുകൊടുത്ത് കടന്നപ്പള്ളി; കടുവയ്ക്ക് മഞ്ഞനല്കി കുട്ടികള്‍

June 06
12:53 2016

കണ്ണൂര്‍: തുമ്പിക്കൈ ഉയര്‍ത്തി ചിന്നംവിളിക്കുന്ന കൊമ്പന്റെ തുമ്പിക്കൈക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കറുത്തനിറം നല്‍കി. സമീപത്തുണ്ടായിരുന്ന കടുവയുടെ ചിത്രത്തിന് ഋഷികേശും അനുശ്രീയും നല്‍കിയത് മഞ്ഞ. ലോക പരിസ്ഥിതിദിനത്തില്‍ വന്യജീവികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'മാതൃഭൂമി സീഡി'ന്റെ എട്ടാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
വാരം യു.പി. സ്‌കൂളിലാണ് ജില്ലാതല ഉദ്ഘാടനച്ചടങ്ങ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ 'ജെം ഓഫ് സീഡു'കളായ അന്നൂര്‍ ആര്‍ഷ വിദ്യാലയത്തിലെ ഋഷികേശും മുണ്ടേരി എച്ച്.എസ്.എസ്സിലെ അനുശ്രീയും േചര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് വാരം സ്‌കൂളിലെ കട്ടികള്‍ നട്ട മരത്തിന് വളമിട്ടുകൊണ്ടാണ് ഈ വര്‍ഷ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. അവരെ അനുഗ്രഹിക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുമെത്തി. കഴിഞ്ഞ ഏഴുവര്‍ഷത്തെ സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ കലോത്സവ കലവറനിറച്ച ജൈവ പച്ചക്കറികള്‍ സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ എത്ര മഹത്തരമാണെന്ന് തെളിയിക്കുന്നു എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി.കെ.രാമദാസ്, വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ പി.ബിജു, കണ്ണൂര്‍ സൗത്ത് എ.ഇ.ഒ. എം.കെ.ഉഷ, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ഡി.സുരേന്ദ്രമോഹന്‍, എന്‍.ടി.ടി.എഫ്. പ്രിന്‍സിപ്പല്‍ ആര്‍.അയ്യപ്പന്‍, സ്‌കൂള്‍ പ്രഥമാധ്യാപിക കെ.പി.ലളിത, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തലശ്ശേരി എന്‍.ടി.ടി.എഫ്. വിദ്യാര്‍ഥികള്‍ ഇ.ഒ.എസ്.എച്ച്. പദ്ധതി പരിചയപ്പെടുത്തി. പാലോട്ടുവയല്‍ ആര്‍.കെ.യു.പി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ജയശ്രീ നിര്‍മിച്ച ചിത്രശില്പം മന്ത്രിക്ക് സമ്മാനിച്ചു. പരിപാടികള്‍ക്ക് മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയന്‍, പരസ്യവിഭാഗം സീനിയര്‍ മാനേജര്‍ ഇ.ജഗദീഷ്, സര്‍ക്കുലേഷന്‍ മാനേജര്‍ ഷിനുകുമാര്‍, സീനിയര്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍ പി.മനോജ്കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ പി.കെ.ജയരാജ്, കെ.വിജേഷ്, കെ.ഐ.വി.ധനേഷ്, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ ടി.സുരേശന്‍, എം.നാരായണന്‍, വിനോദ്കുമാര്‍, സഫ്രാന ബഷീര്‍, ജീന വാമന്‍, കെ.പി.സുനിത, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.

Write a Comment

Related Events