EVENTS

ഹരിതം ഒൗഷധം പദ്ധതി ജില്ലയിൽ തുടങ്ങി

July 04
12:53 2016

പാലക്കാട്: മറന്നുതുടങ്ങിയെങ്കിലും നാട്ടുമരുന്നുകൾക്കും ഔഷധസസ്യങ്ങൾക്കും പ്രാധാന്യമുണ്ട്. ഇതിനെക്കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കാൻ ‘ഹരിതം ഔഷധം’ പദ്ധതി ജില്ലയിൽ തുടങ്ങി. മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഔഷധസസ്യ ബോർഡുമായി സഹകരിച്ചാണ് പരിപാടി.
പി.എം.ജി. ഹയർസെക്കൻഡറി സ്കൂളിൽ പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ പദ്ധതി ഉദ്ഘാടനംചെയ്തു. ആരോഗ്യസംരക്ഷണത്തിൽ ഔഷധസസ്യങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണെന്നും കുട്ടികള്ക്ക് ഇക്കാര്യത്തിലുള്ള അറിവ് വർധിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു.
മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷനായി. സംസ്ഥാന ഔഷധസസ്യ ബോർഡ് ടെക്നിക്കൽ അസി. ഡോ. ഒ.എൽ. പയസ് മുഖ്യാതിഥിയായി. പഴയ തലമുറയുടെ ഭക്ഷണരീതികൾപോലും ഔഷധസസ്യങ്ങളുൾപ്പെട്ടതായിരുന്നു.
ഇന്ന് അറിഞ്ഞുകൊണ്ട് വിഷലിപ്തമായ ഭക്ഷണം കഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് പ്രകൃതിയിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്നി, കൂവളം, നാഗലിംഗം, പലകപ്പയ്യാനി, ഞാവൽ, ആര്യവേപ്പ് തുടങ്ങിയ വൃക്ഷത്തൈകളാണ് തിരഞ്ഞെടുക്കപ്പെടുന്ന 50 സീഡ് സ്കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. സ്കൂൾമുറ്റത്ത് ഔഷധോദ്യാനം നിർമിച്ച് പരിപാലിക്കുന്ന സ്കൂളുകൾക്ക് സമ്മാനവുമുണ്ട്.
പി.എം.ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം.എം. ലീല, പി.ടി.എ. പ്രസിഡന്റ് വി. രവീന്ദ്രനാഥ്, വൈസ്പ്രസിഡന്റ് എ. തങ്കപ്പൻ എന്നിവർ സംസാരിച്ചു.

Write a Comment

Related Events