പ്രകൃതിയില്‍ നിന്ന് പുത്തന് അറിവ് നേടി വിദ്യാര്ത്ഥിനികള്
ആലുവ: പരിസ്ഥിതിയുടെ കാവലാളാവാന്, പ്രകൃതിയുടെ കൗതുകങ്ങള് അറിയാന്, 'മാതൃഭൂമി' സീഡ് ഒരുക്കിയ ശില്പശാലയില് പങ്കാളികളാകാന്‍ വിദ്യാര്ത്ഥിനികളെത്തി. 'മാതൃഭൂമി' പെരിയാറിന്റെ തീരത്ത് ഒരുക്കിയ ആര്ബറേറ്റത്തിലായിരുന്നു ശില്പശാല.
ബോധി ശില്പശാലയാണ് പരിസ്ഥിതി പഠനത്തിലെ പുത്തന് പാഠങ്ങള് പകര്ന്നു നല്കിയത്. പ്രകൃതിയെ കൂടുതല് അടുത്തറിയാനാണ് ഇടപ്പള്ളി അമൃത സ്‌കൂള് ഓഫ് ആര്ട്‌സ് ആന്‍ഡ് സയന്‌സസിലെ സീഡ് അംഗങ്ങള് ആര്ബറേറ്റത്തിലെത്തിയത്.
നക്ഷത്ര വനം, രാശി വനം, നവഗ്രഹ വനം എന്നിവയടങ്ങുന്ന, ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത മരങ്ങള്ക്കിടയിലൂടെ വിദ്യാര്ത്ഥികള് കാട് കണ്ടു.
ഇരുപത്തഞ്ചോളം വരുന്ന സംഘമാണെത്തിയത്.
തുടര്ന്ന് കൂറ്റന് മഴമരത്തിന്റെ ചുവട്ടില് നടത്തിയ ശില്പശാല വിദ്യാര്ത്ഥികള്ക്ക് പുത്തന് അറിവുകള് പകര്ന്നു നല്കി.
പരിസ്ഥിതി പ്രവര്ത്തകനായ പ്രൊഫ. എസ്. സീതാരാമന് ആമുഖ പ്രഭാഷണം നടത്തി. മരങ്ങളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കുന്ന സീസണ്‍ വാച്ച് പദ്ധതിയുടെ പ്രവര്ത്തകരായ അരുണ് ഇളാശ്ശേരി, നിസാര് മുഹമ്മദ്, സ്വാതി എന്നിവരാണ് ശില്പശാല നയിച്ചത്.
കേരളത്തിലെ പാമ്പുകളെ പറ്റിയുള്ള കൗതുകകരമായ വിവരങ്ങള് ഹരി പകര്ന്നു നല്കി.
തുടര്ന്ന് ക്ലബ്ബ് എഫ്.എമ്മിലെ പ്രോഗ്രാം ഹെഡ് പ്രിയരാജ് യാത്രകളിലൂടെ താന് ആര്ജിച്ച പരിസ്ഥിതി അനുഭവങ്ങള് വിദ്യാര്ത്ഥികളുമായി പങ്കുവെച്ചു.
ക്ലബ്ബ് എഫ്.എം. ആര്.ജെ. മാരായ കാര്ത്തിക്, രാധിക എന്നിവരും വിദ്യാര്ത്ഥികളുമായി സംവദിച്ചു.
ഇടപ്പള്ളി അമൃത സ്‌കൂള് ഓഫ് ആര്ട്‌സ് ആന്‍ഡ് സയന്‌സസ് ഡയറക്ടര് ഡോ. യു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് വിദ്യാര്ത്ഥികളെത്തിയത്.
ആലുവ പുഴയോരത്തെ 1.30 ഏക്കറിലാണ് അപൂര്വ വൃക്ഷങ്ങളുടേയും ഔഷധ സസ്യങ്ങളുടേയും കൂട്ടമുള്ളത്.