സീഡ് പ്രവര്ത്തനം മാതൃകാപരം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂര്: മാതൃഭൂമി സീഡിന്റെ പ്രവര്ത്തനം മാതൃകാപരമാണെന്നും കാര്ഷിക സംസ്‌കാരം വീണ്ടെടുക്കുന്നതില് സീഡ് വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു.
മാതൃഭൂമി സീഡിന്റെ ജില്ലാതല പുരസ്‌കാരങ്ങളുടെ വിതരണം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിനെ മറന്നതാണ് ഇന്നത്തെ എല്ലാ അപചയങ്ങള്ക്കും കാരണം. സീഡിന്റെ പ്രവര്ത്തനം കാര്ഷികപ്രവര്ത്തനങ്ങള് നടത്തുന്നതിന് വിദ്യാര്ഥികള്ക്ക് ഏറെ പ്രോത്സാഹനം നല്കുന്നതാണ്. ജില്ലാപഞ്ചായത്ത് വിദ്യാര്ഥികള്ക്കായി ആവിഷ്‌കരിച്ച കാര്ഷികപദ്ധതിയുടെ പ്രചോദനവും സീഡിന്റെ വിജയമാണ്.
സ്‌കൂളുകള്‍ക്ക് കാര്ഷികപ്രവര്ത്തനം നടത്തുന്നതിനായി ഗ്രോബാഗും വിത്തും നല്കുന്ന പദ്ധതിയാണ് ജില്ലാപഞ്ചായത്ത് നടപ്പാക്കുക.
കണ്ണൂരില് നടക്കുന്ന സംസ്ഥാന സ്‌കൂള് യുവജനോത്സവത്തില് ഒരുദിവസത്തെ ഭക്ഷണം സീഡ് ക്ലബ്ബുകള് ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉപയോഗിച്ച് നല്കുമെന്ന പ്രഖ്യാപനം മാതൃകാപരമാണ് സുമേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര് കെ.വിനോദ് ചന്ദ്രന് അധ്യക്ഷത വഹിച്ചു.
കണ്ണൂര് ഡി.എഫ്.ഒ. സുനില് മഡി, പ്രിന്‌സിപ്പല് കൃഷി ഓഫീസര് കെ.ഓമന, കെ.വി.തങ്കമണി, ഫെഡറല് ബാങ്ക് അസി. ജനറല് മാനേജര് വി.സി.രാജീവ് എന്നിവര് പുരസ്‌കാരങ്ങള് സമ്മാനിച്ചു. മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് ഒ.വി.വിജയന്, സീഡ് കോ ഓര്‍ഡിനേറ്റര് സി.സുനില്കുമാര്, ചീഫ് റിപ്പോര്ട്ടര് കെ.ബാലകൃഷ്ണന് എന്നിവര് പ്രസംഗിച്ചു.
ഏറ്റുകുടുക്ക യു.പി. സ്‌കൂള് സീഡംഗങ്ങള് സീഡ് ഗാനം ആലപിച്ചു. ജെം ഓഫ് സീഡുകളായ അനുശ്രീ, കെ.വി.നിമിഷ, മികച്ച സീഡ് കോ ഓര്‍ഡിനേറ്റര്മാരായ പി.പി.ജയശ്രീ, കെ.സജീവ്കുമാര്, കെ.രവീന്ദ്രന്, ശ്രേഷ്ഠഹരിത വിദ്യാലയം പ്രിന്‌സിപ്പല് ചന്ദ്രമതി, കോ ഓര്‍ഡിനേറ്റര് കെ.രാജന്, ഡോ. റോസി ആന്റണി, കെ.ശോഭന എന്നിവര് പ്രസംഗിച്ചു.