EVENTS

മാതൃഭൂമി സീഡ് 2026–27: ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

August 03
12:53 2026


പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക പ്രതിബദ്ധതയിലും വിദ്യാർത്ഥികളെ സജീവരാക്കുന്ന മാതൃഭൂമി സീഡ് (Student Empowerment for Environmental Development) പദ്ധതിയുടെ 2026–27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപക ശിൽപശാല അമൃത സെന്റ് മേരീസ് റെസിഡൻഷ്യൽ സ്കൂൾ, കൊമ്മാടിയിൽ സംഘടിപ്പിച്ചു.
ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡി.ഇ.ഒ.) ഫാൻസി വി. ശിൽപശാല ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കേണ്ട സീഡ് പ്രവർത്തനങ്ങൾ, ഹരിത ക്യാമ്പസ് പ്രവർത്തനങ്ങൾ, പരിസ്ഥിതി ബോധവൽക്കരണം, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ചർച്ചകളും ശിൽപശാലയിൽ നടന്നു.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ 18-ാം വർഷത്തെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനും അധ്യാപകരെ പ്രവർത്തനങ്ങൾക്ക് സജ്ജരാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. സീഡ് ക്ലബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ വ്യാപിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മായ സി. ആശംസകൾ അറിയിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ വേണുഗോപാൽ ജിയും മാതൃഭൂമി സീഡ് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സൺ പി. സോമശേഖരനും ക്ലാസുകൾ നയിച്ചു. മാതൃഭൂമി പ്രതിനിധികൾ ,ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലകളിലെ സീഡ് കോ-ഓർഡിനേറ്റർ അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു.

Write a Comment