GK News

ഷേക്‌സ്പിയറിന്റെ തല

ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍ ആണ് വില്യം ഷേക്‌സ്പിയര്‍. അദ്ദേഹത്തിന്റെ ശിരസ്  എവിടെ പോയെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. ഷേക്‌സ്പിയറിന്റെ ശിരസ് മോഷണം പോയെന്ന കഥ 1879 മുതല്‍ ഉള്ളതാണ്. ആര്‍ഗോസി എന്നൊരു മാസികയാണ് ഇത്തരമൊരു കഥ ആദ്യം പുറത്ത് വിട്ടത്. ആ കഥ പ്രകാരം 1794 ല്‍ ഷേക്‌സ്പിയറിന്റെ ശിരസ് ആരോ മുറിച്ച് മാറ്റി. 1616 ല്‍ ആയിരുന്നു സ്ട്രാറ്റ്‌ഫോഡ് അപ്പോണ്‍ ആവോണ്‍ എന്ന സ്ഥലത്തുള്ള ഹോളി ട്രിനിറ്റി പള്ളിയില്‍ അദ്ദേഹത്തെ അടക്കിയത്. 
ശിരസ് അല്ലെങ്കില്‍ തലയോട്ടി ആരെങ്കിലും മാറ്റിയിട്ടുണ്ടെങ്കില്‍ എന്തിനായിരിക്കും അത് ചെയ്തത്? രണ്ടാകാം കാരണം. ഒന്നുകില്‍ പുരാവസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് വില്‍ക്കുന്നതിനാകാം. അല്ലെങ്കില്‍ മറ്റു ചിലരുടെ ആഗ്രഹപ്രകാരം അവരുടെ കല്ലറയില്‍ ഈ ശിരസും സൂക്ഷിച്ചതാകാം. 
ഈ കഥയ്ക്ക് ആക്കം കൂട്ടുവാന്‍ മറ്റൊരു കഥയുമുണ്ട്. സെയിന്റ് ലിയോണാര്‍ഡ് പള്ളിയില്‍ ഒരു തലയോട്ടി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് ഷേക്‌സ്പിയറിന്റെ ആണെന്നാണ് പരക്കെ ഉണ്ടായിരുന്ന വിശ്വാസം.
2016 ല്‍ കെവിന്‍ കോഴ്സ് എന്ന പുരാവസ്തു ഗവേഷകന്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഷേക്‌സ്പിയറിന്റെ ശവകുടീരം പരിശോധിച്ചു. അതില്‍ തലയോട്ടി ഇല്ലായിരുന്നു. ആര്‍ഗോസിയുടെ വാര്‍ത്ത കള്ളക്കഥ ആയിരുന്നില്ല എന്ന് അതോടെ തെളിഞ്ഞു. ലിയോണാര്‍ഡ് പള്ളിയിലെ തലയോട്ടി പരിശോധിക്കലായി അടുത്ത ലക്ഷ്യം. എന്നാല്‍ അത് എഴുപത് കഴിഞ്ഞ ഒരു സ്ത്രീയുടേതാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു. 
ഷേക്‌സ്പിയറുടെ മൃതദേഹം മറവു ചെയ്തതുമായി  ബന്ധപ്പെട്ടുണ്ടായിരുന്ന മറ്റു ചില കഥകളും ഈ ഗവേഷണത്തോടെ ഇല്ലാതായി. ആരും 'ശല്യപ്പെടുത്താതിരിക്കുവാന്‍'വേണ്ടി പതിനേഴ് അടി താഴ്ത്തിയാണ് മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത് എന്നായിരുന്നു ഒരു കഥ. മറ്റൊരു കഥ പ്രകാരം അദ്ദേഹത്തെ നേരെ നിര്‍ത്തിയാണ് അടക്കിയത്. മൂന്നാമത്തെ കഥ അനുസരിച്ച് അദ്ദേഹത്തെ പ്രത്യേകമായി അടക്കാതെ കുടുമ്പ കല്ലറയില്‍ അടക്കി. ഇതെല്ലാം തെറ്റായിരുന്നുവെന്നു തെളിഞ്ഞു. വെറും മൂന്നടി താഴ്ത്തി ശവപ്പെട്ടിയില്‍ അല്ലാതെ മൃതദേഹം വെറും തുണിയില്‍ പൊതിഞ്ഞാണ് അടക്കിയിരിക്കുന്നത് .
ഇനിയെന്ത്? തന്റെ ശവക്കല്ലറ ഒരു കാരണവശാലും തുറക്കപ്പെടരുത് എന്നൊരു ആഗ്രഹം ഷേക്‌സ്പിയര്‍ പറഞ്ഞിരുന്നുവത്രെ. അതുകൊണ്ട് തന്നെ കല്ലറ തുറന്നൊരു പരിശോധനയ്ക്ക് കോള്‍സ് അന്ന് തയ്യാറായില്ല. ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഹോളി ട്രിനിറ്റിയിലെ പുരോഹിതനായ പാട്രിക്ക് ടെയ്ലര്‍ മറ്റൊരു രീതിയിലുമുള്ള പരിശോധനകള്‍ക്ക് അനുകൂലമല്ല. ഷേക്‌സ്പിയര്‍ ഇവിടെ അടക്കം ചെയ്യുപ്പെട്ടുവെന്നു തെളിവുണ്ട്. എന്നാല്‍ ശവക്കല്ലറ തുറന്നുവെന്ന് യാതൊരു തെളിവും ഇല്ല. ഇതിനായി 400വര്‍ഷം പഴക്കമുള്ള ഒരു കല്ലറ പൊളിക്കുന്നത് ശരിയുമല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 
കോള്‍സ് ഒരു കാര്യം സമ്മതിക്കുന്നു. തലയോട്ടി മാറ്റിയെങ്കിലും അതിവിടെ ഇനി നോക്കിയിട്ടു കാര്യമില്ല. ലിയോണാര്‍ഡ് പള്ളിയില്‍ ആകാം അടുത്ത് ഗവേഷണം. അതിനുള്ള പുറപ്പാടിലാണ് അദ്ദേഹവും സംഘവും.

July 13
12:53 2017

Write a Comment