GK News

ലോക കടുവ ദിനം
എല്ലാ വര്‍ഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചുവരുന്നത്.  കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു വാര്‍ഷിക ഓര്‍മദിനം ആണിത്. 2010-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ടൈഗര്‍ ഉച്ചകോടിയില്‍ വച്ചാണ് ജൂലൈ 29 നെ കടുവകളുടെ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

കടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്. കടുവ അലറിയാല്‍ കാട് വളരുമെന്ന് ഒരു ചൊല്ലുതന്നെയുണ്ട്. കടുവയില്ലാത്ത കാടും കാടില്ലാത്ത കടുവയും നാടിനാപത്താണ് എന്നു പറയാറുണ്ട്. കടുവയുടെ സംരക്ഷണം മനുഷ്യന്‍ ഉള്‍പ്പെടേയുള്ള ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഓര്‍മ്മപ്പെടുത്താനാണ് ലോക കടുവാ ദിനം ആചരിക്കുന്നത്.
 കടുവകള്‍ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കലാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വേള്‍ഡ് വൈഡ് ലൈഫ് ഫണ്ട് ഫോര്‍ നാച്യുര്‍ ആണ് ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്. ''കടുവകളുടെ നിലനില്‍പ്പ് നമ്മുടെ കൈകളിലാണ്'' എന്നുള്ളതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
കടുവകളുള്ള കാട് മികച്ച പരിസ്ഥിതി സന്തുലനം ഉള്ള പ്രദേശമായിരിക്കും. കാട്ടില്‍ ആരോഗ്യമുള്ള കടുവകള്‍ ഉണ്ടാകണമെങ്കില്‍, അവിടെ പുല്ല് തിന്നുന്ന ജീവികള്‍ ധാരാളമായി ഉണ്ടാകണം. എങ്കിലേ കടുവകള്‍ക്ക് ആവശ്യത്തിന് ഇര ലഭിക്കൂ. മാന്‍ പോലുള്ള സസ്യഭുക്കുകള്‍ ഉണ്ടാകണമെങ്കില്‍ ധാരാളം പച്ചപ്പ് വേണം. പച്ചപ്പുണ്ടാകണമെങ്കില്‍ അനുയോജ്യമായ കാലാവസ്ഥ വേണം. കാടിന്റെ സമ്പൂര്‍ണ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കടുവകള്‍ കാരണമാകുന്നത് ഇതുകൊണ്ടാണ്.
ധാരാളം കടുവകളുള്ള കാട് നശിക്കില്ല. ഭക്ഷണ ശ്രേണിയിലെ ഏറ്റവും മുകളിലുള്ള കടുവയുടെ അഭാവം താഴോട്ടുള്ള ഓരോ ശൃംഖലയേയും ബാധിക്കും. കാട്ടില്‍ സസ്യാഹാരം തിന്നു വളരുന്ന ജീവികള്‍ പെറ്റുപെരുകിയാല്‍, കാട്ടിലേ സസ്യലതാദികള്‍ മുഴുവന്‍ തിന്നു തീര്‍ക്കും. സസ്യങ്ങള്‍ ഇല്ലാതാകുന്നതോടെ കാട് വരള്‍ച്ച ബാധിച്ച് നശിക്കും. കാട് ഇല്ലാതാകുന്നതോടെ ജല ലഭ്യത കുറഞ്ഞ് ആ പ്രദേശം വരണ്ടുണങ്ങും. ആവാസ വ്യവസ്ഥ തകിടം മറിയും.ലോകത്ത് ബംഗാള്‍ കടുവ, സുമാത്രന്‍ കടുവ, സൈബീരിയന്‍ കടുവ, പേര്‍ഷ്യന്‍ കടുവ, ജാവന്‍ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. ഇന്ന് കടുവകള്‍ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. ഏഷ്യയിലാണ് ഏറ്റവും കൂടുതല്‍ കടുവകളെ കണ്ടുവരുന്നത്.മാംസഭോജികളുടെ കൂട്ടത്തില്‍ ഏറ്റവും കരുത്തനാണ് കടുവ. കാട്ടിലെ രാജാവ് എന്ന് വിശേഷണമുള്ള സിംഹത്തേക്കാള്‍ വലുപ്പത്തിലും ഗാംഭീര്യത്തിലും ശക്തിയിലും ഒരുപടി മുന്നിലാണ് കടുവ. ഇന്ത്യയുടെ ദേശീയമൃഗമായ കടുവ നമ്മുടെ ഒട്ടുമിക്ക വനങ്ങളിലുമുണ്ട്. എന്നാല്‍, ഇന്ന് ഇവ എണ്ണത്തില്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവ ഇപ്പോള്‍ കടുത്ത വംശനാശഭീഷണി നേരിടുന്നു. ലോകത്ത് കടുവകള്‍ക്ക് ഒരേയൊരു ശത്രുവേയുള്ളു. അത് മനുഷ്യനാണ്!
പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങള്‍

 കാസിരംഗ - ആസാം
 മനാസ് - ആസാം
 നംദാഫ - അരുണാചല്‍ പ്രദേശ്
 പാക്കുയി - അരുണാചല്‍ പ്രദേശ്
 നാഗാര്‍ജുന സാഗര്‍ - ആന്ധ്രാപ്രദേശ്
 വാല്മീകി - ബീഹാര്‍
 ഇന്ദ്രാവതി - ഛത്തീസ്ഗഢ്
 ബന്ദിപൂര്‍ - കര്‍ണ്ണാടക
 പെരിയാര്‍ - കേരളം
 പറമ്പിക്കുളം - കേരളം
 കന്‍ഹ - മധ്യപ്രദേശ്
 മെല്‍ഘട്ട് - മഹാരാഷ്ട്ര
 തഡോബ - മഹാരാഷ്ട്ര
 സിംലിപ്പാല്‍ - ഒഡീഷ
 നന്ദന്‍കാനന്‍ - ഒഡീഷ
 രത്തംഭോര്‍ - രാജസ്ഥാന്‍
 സരിസ്‌ക - രാജസ്ഥാന്‍
 കോര്‍ബറ്റ് - ഉത്തരാഖണ്ഡ്
 സുന്ദര്‍ബന്‍ - പശ്ചിമബംഗാള്‍
 ബുക്സ - പശ്ചിമബംഗാള്‍

 

 

 

August 04
12:53 2021

Write a Comment