GK News

ഒലീവ് കടലാമകളുടെ "അരിബാഡ".

കടലാമകൾ അവയുടെ പ്രജനനകാലത്ത് മുട്ടയിടാനായി കടൽത്തീരത്തണയുന്ന പ്രതിഭാസമാണിത്.  "ARRIBADA", ഒരു സ്പാനിഷ് വാക്കാണ്. 'ARRIVAL' എന്ന് ഇംഗ്ലീഷിൽ അർത്ഥം. ആഗമനം എന്ന് മലയാളത്തിൽ പറയാം. ഒഡീഷയിലെ ഗഹിർമാത, റിഷി കുല്യാ തീരങ്ങളിൽ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന് കടലാമകൾ ഇങ്ങനെ പ്രജനന സമയത്ത് എത്താറുണ്ട്. കാലാവസ്ഥയും സുരക്ഷിതതത്വവും അനുകൂലമാകുന്ന സമയത്ത് ലക്ഷക്കണക്കിനാവും കടലാമകൾ വരുന്നത്. കോവിഡ് കാലത്ത് നിലവിൽ വന്ന കടുത്ത നിയന്ത്രണങ്ങൾ മൂലം മനുഷ്യർ പ്രത്യേകിച്ച് ടൂറിസ്റ്റുകൾ തീരത്തു നിന്ന്  ഒഴിഞ്ഞു നിന്നതിനാൽ റിഷി കുല്യാ റൂക്കറിയിൽ കഴിഞ്ഞ ആഴ്ചയിൽ മുട്ടയിടാനെത്തിയത് മൂന്നു ലക്ഷത്തോളം ഒലീവ് റിഡ്ലി പെൺ കടലാമകളാണ്. സാധാരണരീതിയിൽ രാത്രി കാലം മാത്രം മുട്ടയിടാറുള്ള ഇവർ, അത്രമേൽ സുരക്ഷിതത്വം തോന്നിയതിനാലാവണം ഇത്തവണ പകൽ സമയം കൂടി മുട്ടയിടുന്ന അസാധാരണ സ്വഭാവം കൂടി കാണിച്ചു. മറ്റു വർഷങ്ങളിൽ വിഐപികൾ ഉൾപ്പെടെയുള്ള വൻ ജനക്കൂട്ടം ഈ അസുലഭ കാഴ്‌ച കാണാനെത്തുമായിരുന്നു. എന്നാൽ കോവിഡ് മനുഷ്യനെ വീടിനകത്തിരുത്തിയപ്പോൾ, ഈ സമയം കടലാമകൾക്ക് ചാകരക്കാലമായി. മാത്രമല്ല തീരം വൃത്തിയാക്കി സൂക്ഷിച്ചും,തീരത്തണയുന്ന കടലാമകൾക്ക് സുരക്ഷയൊരുക്കിയും വനം വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ നവംബർ മുതൽ അരിബാഡയ്ക്ക് വേദിയൊരുക്കാൻ കാത്തിരിക്കുകയായിരുന്നു.

2018-ൽ രണ്ടുതവണ ഫെബ്രുവരിയിലും ഏപ്രിലിലുമായി കൂട്ടത്തോടെ മുട്ടയിടാനെത്തിയത് 473000 കടലാമകളായിരുന്നു. 1971-ൽ ആറു ലക്ഷം കടലാമകൾ തീരത്ത് മുട്ടയിടാനെത്തിയതാണ് റെക്കോർഡ് എന്നും ഓർക്കുക. എന്തായാലും തീരത്ത് ആൾക്കൂട്ടവും, പുറംകടലിൽ കപ്പലുകളും ഒഴിഞ്ഞ കൊറോണക്കാലത്ത് റിഷി കുല്യാ തീരത്തു മാത്രം അഞ്ചു ലക്ഷത്തോളം കടലാമകൾ കൂട്ടത്തോടെ കൂടുണ്ടാക്കി മുട്ടയിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ തീരം ഏറ്റു വാങ്ങുന്നത് ആറുകോടിയോളം മുട്ടകളാവും.

April 07
12:53 2020

Write a Comment