GK News

ജൂലൈ6- ലോക ജന്തുജന്യരോഗ ദിനം.

ലൂയീസ് പാസ്ചർ പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് വിജയകരമായി നൽകിയത് 1885 ജൂലൈ ആറാം തീയതിയാണ്. ആ ദിവസത്തിന്റെ ഓർമയിൽ ലോകമെമ്പാടും ജൂലൈ 6 ജന്തുജന്യ രോഗദിനമായി ആചരിക്കുന്നു. പേവിഷബാധ (Rabies) യെ കൂടാതെ ആന്ത്രാക്സ്, ക്ഷയം, പ്ലേഗ് തുടങ്ങിയ നിരവധി ജന്തുജന്യ രോഗങ്ങൾ നൂറ്റാണ്ടുകളായി  മനുഷ്യന് ചിരപരിചിതതമായിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും  തിരിച്ചും പകരുന്ന ഇത്തരം സാംക്രമിക രോഗങ്ങൾ(zoonotic diseases), കോവിഡ്- 19 ന്റെ  വർത്തമാനകാലത്ത് വ്യത്യസ്തമായ തലങ്ങളിൽ നിന്ന് നോക്കിക്കാണുമ്പോൾ  അതിപ്രസക്തമായി തീരുകയാണ്.

ജന്തുജന്യരോഗങ്ങൾ: അമ്പരപ്പിക്കുന്ന കണക്കുകൾ
2005-ൽ  എഡിൻബറോയിൽ നടന്ന പഠനത്തിൽ  മനുഷ്യരെ ബാധിക്കുന്ന 1407 തരം രോഗാണുക്കളെ കണ്ടെത്തിയതിൽ 58 ശതമാനവും ജന്തുജന്യമാണെന്ന് കണ്ടെത്തി. 1407 രോഗാണു ജാതികളിൽ പുതുതായി ആവിർഭവിച്ച 177 എണ്ണത്തിൽ  നാലിൽ  മൂന്നും മൃഗങ്ങളിൽ നിന്നായിരുന്നു. സുവോളജിക്കൽ സൊസേറ്റി ഓഫ് ലണ്ടൻ 2008-ൽ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് മനുഷ്യരിലെ സാംക്രമിക രോഗങ്ങളിൽ 60.3 ശതമാനവും ജന്തുജന്യമാണെന്നും, അതിൽത്തന്നെ 71.8 ശതമാനം വന്യജീവികളിൽ നിന്നാണെന്നും വെളിപ്പെടുത്തിയിരുന്നു.

വേണ്ടത് അതീവജാഗ്രത
കൃഷി ചെയ്തു  ജീവിക്കുന്ന സംസ്ക്കാരം തുടങ്ങിയ കാലത്തു നിന്ന്  മനുഷ്യരുടെ എണ്ണം 333 എന്ന ഗുണകം കൊണ്ടാണ് വർധിച്ചിരിക്കുന്നത്. ഓരോ വർഷവും 7 കോടി എന്ന നിലയിലാണ് ശരാശരി ജനസംഖ്യാ വളർച്ചയും. അതിലോലമായ ആവാസവ്യവസ്ഥാ ബന്ധങ്ങൾ തകർത്തെറിഞ്ഞു മുന്നേറുന്ന വികസനം രോഗാണുക്കളെ അവയുടെ സ്വാഭാവിക വാസസ്ഥാനത്തു നിന്ന് മനുഷ്യന്റെ സമീപത്തെത്തിക്കുന്നു. ആധുനിക സാങ്കേതിക വിദ്യ രോഗാണക്കളുടെ വ്യാപനം ആഗോളതലത്തിൽ അതിവേഗമാകുന്നു. ശാസ്ത്രീയമായ തയ്യാറെടുപ്പും നിരന്തരമായ നിരീക്ഷണവുമാണ് ഭാവിയിൽ മഹാമാരികൾ തടയാനുള്ള പ്രധാന മാർഗ്ഗങ്ങൾ. വന്യജീവികളുടെ ആരോഗ്യസ്ഥിതി, പുതിയ രോഗാണക്കളുടെ സാന്നിധ്യം എന്നിവ മുൻപേ തന്നെ കണ്ടു പിടിക്കുകയെന്നത് ഏറെ പ്രധാനമാകുന്നു. പ്രകൃതിയുടെ ആവാസവ്യവസ്ഥകളുടെ സംതുലനം നഷ്ടമാക്കുന്ന മനുഷ്യന്റെ പ്രവൃത്തികളാണ് പലപ്പോവും മഹാവ്യാധികൾ പോലുള്ള ദുരന്തങ്ങളുടെ മൂല കാരണങ്ങളിലൊന്ന്.

July 06
12:53 2020

Write a Comment