GK News

മൈക്കല്‍ നെസ്മിത്.

'ദി മങ്കീസ്' എന്ന സംഗീത ട്രൂപ്പിലെ  അംഗമായിരുന്നു മൈക്കല്‍ നെസ്മിത്. ബെറ്റി നെസ്മിത് ഗ്രഹാം എന്നാണ് അദ്ദേഹത്തിന്റെ അമ്മയുടെ പേര്. പക്ഷേ, ബെറ്റി അറിയപ്പെടുന്നത് ഒരു വലിയ കണ്ടുപിടിത്തത്തിന്റെ പേരിലാണെന്നു മാത്രം. ഒരു കമ്പനിയില്‍ ടൈപ്പിസ്റ്റ് ആയിരുന്നു ബെറ്റി. അക്കാലത്ത് ടൈപ്പിസ്റ്റ് ഒരു തെറ്റു വരുത്തിയാല്‍ അത് ശരിയാക്കി മാറ്റാനുള്ള മാര്‍ഗമൊന്നും ഇല്ലായിരുന്നു. ഒരു ചെറിയ അക്ഷരത്തെറ്റു പോലും ചിലപ്പോള്‍ ജോലി നഷ്ടപ്പെടാന്‍ കാരണമായേക്കാം. 
 അന്നു ചെറിയ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ബെറ്റി, തന്റെ ഒഴിവുസമയങ്ങളില്‍ കടകളുടെ ബോര്‍ഡുകളും പരസ്യങ്ങളും വരയ്ക്കാന്‍ പോകുമായിരുന്നു. അവിടെ വെച്ച് ബെറ്റി ഒരുകാര്യം ശ്രദ്ധിച്ചു, താന്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് ഒരു തെറ്റു വരുത്തിയാല്‍ അതു വീണ്ടും ആദ്യം മുതല്‍ വരയ്ക്കാനല്ല ശ്രമിക്കുന്നത്, അതിനു മുകളിലൂടെ വരച്ച് തെറ്റിനെ ശരിയാക്കി മാറ്റുകയാണ് പതിവ്. ഇതുതന്നെ ടൈപ്പിങ്ങിലും ചെയ്തു നോക്കാന്‍ ബെറ്റി തീരുമാനിച്ചു. 
 താന്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന പെയിന്റിനെ നേര്‍പ്പിച്ച് ഒരു കുപ്പിയിലാക്കി ഓഫീസില്‍ കൊണ്ടു വന്ന്,  പേപ്പറുകളില്‍ അവര്‍ വരുത്തിയ അക്ഷരത്തെറ്റുകളുടെ മേല്‍ അതു പുരട്ടി. എന്നിട്ട് ആ തെറ്റു മാത്രം തിരുത്തി. ചിലര്‍ ബെറ്റിയുടെ 'കള്ളത്തരം' കണ്ടെത്തി. എങ്കിലും പലരും ബെറ്റിയെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതോടെ, ഓഫീസില്‍ മറ്റു ടൈപ്പിസ്റ്റുകള്‍ക്കും ആ മാന്ത്രിക മഷി നല്‍കിത്തുടങ്ങി ബെറ്റി. 
 മകന്റെ കെമിസ്ട്രി അധ്യാപകന്റെ  സഹായത്തോടെ, അവര്‍ ഒരുപാട് മാറ്റങ്ങള്‍ ആ ദ്രാവകത്തില്‍ വരുത്തി. അഞ്ചു വര്‍ഷത്തിനു ശേഷം അവര്‍ 'മിസ്റ്റേക്ക് ഔട്ട്' എന്ന പേരില്‍ അതു മാര്‍ക്കറ്റില്‍ എത്തിച്ചു. പിന്നീട് 'ലിക്വിഡ് പേപ്പര്‍' എന്ന  പേരില്‍ ഒരു കമ്പനിതന്നെ ഉണ്ടാക്കി. തന്റെ ഉത്പന്നത്തിന് 'ടൈപ്‌റൈറ്റര്‍ കറക്ഷന്‍ ഫ്‌ലൂയിഡ്'  എന്നാണ് അവര്‍ കണ്ടെത്തിയ ആദ്യ പേര്.

February 04
12:53 2017

Write a Comment