മണ്ടനല്ല കോഴി..
നമ്മളൊക്കെ വിചാരിക്കും കോഴി ഒരു മണ്ടനോ മണ്ടിയോ ആണെന്ന്... സത്യത്തില്‍ അല്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കോഴിക്ക് നമ്മളെപ്പോലെ ചില കണക്കുകൂട്ടലുകള്‍ നടത്താന്‍ കഴിവുണ്ട്. അഞ്ചു വസ്തുക്കള്‍ വെച്ചുകൊണ്ട് നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ വെച്ചു നോക്കിയാല്‍ കോഴികള്‍ക്ക് എണ്ണാനും കൂട്ടാനും കുറയ്ക്കാനും ഉള്ള കഴിവുകള്‍ ഉണ്ടെന്നു മനസ്സിലാക്കി.
ഈ കഴിവൊക്കെ കോഴിക്കുഞ്ഞായിരിക്കുമ്പോഴേ ഉള്ളതാണ്. ഏത് വര്‍ഗത്തിലുള്ള കോഴിയാണെങ്കിലും കഴിവുകള്‍ തുല്യമാണ്. എന്നു മാത്രമല്ല, ഒരു ചെറിയ ബട്ടണില്‍ കൊത്തിയാല്‍ കൂടുതല്‍ ഭക്ഷണം കിട്ടത്തക്ക വിധത്തില്‍ ഒരു പരീക്ഷണം നടത്തിയപ്പോള്‍ ഒരല്പം ക്ഷമ കാണിച്ചാല്‍ കൂടുതല്‍ ഭക്ഷണം കിട്ടുമെന്നു മനസ്സിലാക്കി കാത്തിരിക്കാന്‍ കോഴികള്‍ തയ്യാറായി. മാത്രമല്ല, നല്ല ഭക്ഷണം കിട്ടുമ്പോള്‍ പിടക്കോഴികളെ അറിയിക്കാന്‍ പൂവന്‍കോഴി, കോഴിഭാഷയില്‍ പാട്ടുംപാടി ഒരുതരം നൃത്തം ചെയ്യുന്നുമുണ്ട്. എന്നാല്‍, നേതാവായ മറ്റൊരു പൂവന്‍ അടുത്തു നിന്നാല്‍ അതു മനസ്സിലാക്കി, ശബ്ദം ഉണ്ടാക്കാതെ നൃത്തം ചെയ്യാനും അവനറിയാം.
പിടക്കോഴികള്‍ അപകടം തിരിച്ചറിയുന്നതില്‍ ഒരല്പം മുന്നിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പക്ഷേ, ഈ പഠനങ്ങളൊക്കെ വളരെ പ്രാരംഭ ദിശയിലാണ് . എന്നാലും ശാസ്ത്രജ്ഞര്‍ ഒരു കാര്യം തീര്‍ത്തുപറയുന്നു, നമ്മളെപ്പോലെ തന്നെ സന്തോഷവും സങ്കടവും വിവരവും ബുദ്ധിയുമൊക്കെ ഉള്ള പക്ഷിയാണ് കോഴി.
അടുത്തപ്രാവശ്യം കോഴികള്‍ നമ്മളെ നോക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുക, ഒരുപക്ഷേ, അത് നമ്മളെ കളിയാക്കി ചിരിക്കുന്നതാകാം.
February 08
12:53
2017