GK News

സൈക്കോപാത്തുകളെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമോ?

സൈക്കോപാത്ത്  (psychopath) എന്നാൽ ‘മനോരോഗി’ എന്നു മാത്രമേ മലയാളത്തിൽ പറയാൻ കഴിയുകയുള്ളു. എന്നാൽ, സാധാരണ മനോരോഗിയല്ല ഇത്തരക്കാർ. പെട്ടന്ന് ദേഷ്യം വരുന്ന, ആരെയും മാരകമായി ഉപദ്രവിക്കുന്ന, കൊല്ലുന്ന ഇവർക്ക് പൊതുവെയുള്ള ഒരു സ്വഭാവ വിശേഷം അക്രമവാസനയാണ്. 
 ഇത്തരം മനോരോഗം ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നല്ല എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, ഒരുകൂട്ടം വിദഗ്ദ്ധർ പറയുന്നത്, മറ്റു രോഗങ്ങൾ പോലെതന്നെ ഈ മനോരോഗവും ചികിത്സിച്ചു മാറ്റാം എന്നാണ്. 
 ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. ചികിത്സിച്ചു മാറ്റാൻ ഇതൊരു രോഗമാണോ എന്നതിൽ ആണ് ഏറ്റവും വലിയ തർക്കം. ഇത്തരം ആളുകളുടെ തലച്ചോർ പല രീതിയിൽ വിശകലനം ചെയ്തിട്ടുണ്ട്. മറ്റുള്ളവർ വേദന അനുഭവിക്കുന്ന ചിത്രങ്ങൾ ഇവരെ കാണിക്കുമ്പോൾ അത്തരം ചിത്രങ്ങളോ രംഗങ്ങളോ അവരുടെ തലച്ചോറിലെ പ്രധാന ഭാഗങ്ങളായ അമിഗ്ദല, ഹൈപ്പോ തലാമസ്, തുടങ്ങിയവയിൽ മാറ്റം വരുത്തുന്നില്ലെന്നോ അല്ലെങ്കിൽ, വളരെ നേരിയ തോതിൽ മാത്രമേ മാറ്റം വരുത്തുന്നുള്ളൂവെന്നോ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇവരുടെ തലച്ചോറിൽ കുഞ്ഞിലേ മുതൽ, ചിലപ്പോഴൊക്കെ ജന്മനാതന്നെ വൈകല്യങ്ങൾ കണ്ടെത്താനും കഴിയുന്നുണ്ട്.
 ഇതിലൊക്കെ മാറ്റം വരുത്താൻ കഴിയുമെന്ന് പലരും നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ഇറ്റലിയിൽ നിന്നുള്ള ഗവേഷകർ പറയുന്നത്, അത്തരം മാറ്റങ്ങൾ രണ്ടു രീതിയിലൂടെ സാധ്യമാണെന്നാണ്. തലയോട്ടിക്ക് താഴെ ഇലക്ട്രോഡുകൾ പിടിപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് ചില ഉത്തേജനങ്ങൾ (stimulations) നടത്തുക. ഇതിനോടൊപ്പമോ പ്രത്യേകമായോ തലച്ചോറിൽ കാന്തിക ഉത്തേജനം നൽകുക (ഇതിന് തലയോട് തുറക്കേണ്ട കാര്യമില്ല) എന്നൊരു മാർഗം കൂടി നോക്കാവുന്നതാണെന്ന് അവർ പറയുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും പ്രയോജനം ഇല്ലെന്ന് വാദിക്കുന്നവരാണ് ഏറെ.

March 24
12:53 2017

Write a Comment