ചക്കക്കുരു കളയാനുള്ളതല്ല: ചോക്ലേറ്റ് ഉണ്ടാക്കാമെന്ന് കണ്ടെത്തല്‍
സാവോപോളോ: ചക്ക കൊണ്ട് പലതരം ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ചവരാണ് മലയാളികള്‍. എന്നാലിപ്പോള്‍ ചക്കക്കുരുവില്‍ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ബ്രസീലിലെ ശാസ്ത്രജ്ഞര്‍. ചോക്ലേറ്റ് നിര്‍മിക്കുന്ന കൊക്കോയ്ക്ക് ലോകത്താകമാനം ക്ഷാമം നേരിടുന്നതിനിടെയാണ് അതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ചക്കക്കുരുവില്‍ നിന്ന് ചോക്ലേറ്റുണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.
കൊക്കോ ബീന്‍സില്‍ നിന്ന് ലഭിക്കുന്നതിന് സമാനമായി ചക്കക്കുരുവില്‍ നിന്നും ചോക്ലേറ്റ് സംസ്കരിച്ചെടുക്കാമെന്നാണ് ബ്രസീലിലെ സാവോപോളൊ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് താരതമ്യേന ചിലവ് കുറഞ്ഞതുമാണ്.
ലോകത്ത് 37 ലക്ഷം ടണ്‍ കൊക്കോയാണ് കര്‍ഷര്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്നത്. അടുത്ത ഒരു ദശകത്തില്‍ ഇതില്‍ വര്‍ദ്ധനവും പ്രതീക്ഷിക്കുന്നില്ല. അതേ സമയം ലോക വിപണയില്‍ വലിയ രീതിയലാണ് കൊക്കോ ബീന്‍സിന്റെ ആവശ്യം വര്‍ധിക്കുന്നത്. 2020 ആകുമ്പോഴേക്കും 45 ലക്ഷം ടണ്‍ കൊക്കോയുടെ ആവശ്യം വിപണയിലുണ്ടെന്നാണ് കണക്കാക്കുന്നത്.
കൊക്കോയ്ക്ക് പകരം ചോക്ലേറ്റിന്റെ ഫ്ളേവറും സുഗന്ധവുമുള്ള ഒരു ബദലിനായി ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് 27 വ്യത്യസ്ത തരം ചക്കക്കുരു വറുത്തെടുത്തും വിവിധ രീതിയില്‍ സംസ്കരിച്ചുമാണ് പരീക്ഷിച്ച് ചോക്ലേറ്റ് നിര്‍മാണത്തിന് യോഗ്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
ഇവരുടെ കണ്ടെത്തല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.