GK News

ജീവിതത്തിലേക്ക് തലകീഴായി

മഡഗാസ്‌കറിനടുത്തുള്ള റോഡ്രിഗ്‌സ് ദ്വീപുകളില്‍ മാത്രമുള്ള ഒരു വാവല്‍ ഉണ്ട്. 'റോഡ്‌സ്' അല്ലെങ്കില്‍ 'റോഡ്രിഗ്‌സ് ഫ്‌ലൈയിങ് ഫോക്‌സ്' എന്നാണ് ഇവയുടെ പേര്. നാല്‍പ്പത് വര്‍ഷം മുന്‍പ് സമ്പൂര്‍ണ വംശനാശത്തിന്റെ വക്കത്ത് എത്തിയവയായിരുന്നു ഇവ. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു മൃഗശാലയില്‍ ഇവ ജനിച്ചാല്‍ ശാസ്ത്രജ്ഞര്‍ക്ക് അതിയായ സന്തോഷമാണ്. 
ഒറിഗോണ്‍ മൃഗശാലയില്‍ മാര്‍ച്ച് പത്തിന് ഒരു ഫ്‌ലൈയിങ് ഫോക്‌സ് പ്രസവിച്ചു. സാധാരണ കുഞ്ഞുങ്ങളെ, നന്നായി വളരുന്നതു വരെ അമ്മ ചിറകിനടിയില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍. ജനിച്ച് ഒരു ദിവസത്തിനുള്ളില്‍ തന്നെ അമ്മ ഈ പാവം കുഞ്ഞിനെ ഉപേക്ഷിച്ചു. തണുത്തു വിറങ്ങലിച്ച്, നിലത്തു കിടന്നിരുന്ന കുഞ്ഞിനെ വീണ്ടും അമ്മയെ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എല്ലാം തന്നെ പരാജയപ്പെട്ടപ്പോള്‍, മൃഗശാലാ അധികൃതര്‍ അതിനെ അവിടെയുള്ള മൃഗവകുപ്പ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ഐ.സി.യു.വില്‍ രണ്ടുനാള്‍ കഴിച്ചതോടെ മരണതുല്യമായ അവസ്ഥയില്‍ നിന്നും കുഞ്ഞ് രക്ഷപ്പെട്ടു. 
 വീണ്ടും അതിനെ അമ്മയ്ക്ക് അരികില്‍ കൊണ്ടുവന്നു നോക്കിയെങ്കിലും അത് കുഞ്ഞിനെ തിരഞ്ഞു നോക്കിയതു പോലുമില്ല. അവസാനം ആ കുഞ്ഞിനെ മൃഗശാലയിലെ ജീവനക്കാര്‍ തന്നെ വളര്‍ത്താന്‍ തീരുമാനിച്ചു. ഇതത്ര നിസ്സാരമായ കാര്യമല്ല. ജനിച്ച ഉടനെുള്ള ഭാരം വെറും അന്‍പത്തിയാറു ഗ്രാം ആയിരുന്നു. 
 1970 വരെ റോഡ്രിഗ്‌സ് ദ്വീപുകളില്‍ കണ്ടിരുന്ന ഫ്‌ലൈയിങ് ഫോക്‌സ്,  1979-ല്‍ ഉണ്ടായ ഒരു ചുഴലിക്കാറ്റില്‍ പെട്ടാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അവസാനം മിച്ചംവന്നത് വെറും എഴുപതെണ്ണം ആയിരുന്നു. ജെറാള്‍ഡ് ഡ്യുറല്‍ എന്ന ജന്തു ശാസ്ത്രജ്ഞന്‍ ഇവയെ പലതിനെയും ലോകത്തിന്റെ പല ഭാഗത്തുള്ള മൃഗശകളിലും പരീക്ഷണശാലകളിലും എത്തിച്ചതുകൊണു മാത്രം ഇവയ്ക്ക് വംശനാശം വന്നില്ല. അനുകൂല സാഹചര്യങ്ങള്‍ വന്നപ്പോള്‍ ഇവയില്‍ പലതിനെയും തിരിച്ചു റോഡ്രിഗ്‌സില്‍ എത്തിക്കുകയും ചെയ്തു. ഇന്ന് ഭൂമിയിലാകെ 20,000 എണ്ണം ഉണ്ടെന്നാണ് അനുമാനം. 
 നമ്മുടെ കഥാനായകന് ഒരു ദിവസം ഒന്‍പത് പ്രാവശ്യമാണ് ഭക്ഷണം വേണ്ടത്. അതും ദ്രവ രൂപത്തില്‍. മൃഗശാലാ ജീവനക്കാരുടെ ക്ഷമയും വൈദഗ്ദ്ധ്യവും കാരണം ഈ വാവല്‍ക്കുഞ്ഞ്  ഇപ്പോള്‍ ആരോഗ്യം നേടി അപകടനില തരണം ചെയ്തുകഴിഞ്ഞു.

May 10
12:53 2017

Write a Comment