GK News

എന്താണ് സ്ലീപ് പരാലിസിസ്

ഉറക്കത്തിന്റെ പ്രധാന ഭാഗമായ REM (Rapid Eye Movement- കണ്ണുകളുടെ ദ്രുതചലന സമയം) നടക്കുന്ന സമയത്താണ് പ്രധാനമായും നമ്മള്‍ സ്വപ്നം കാണുന്നത്. എന്നാല്‍, ആ കാണുന്ന സ്വപ്നത്തിനോട് നമ്മള്‍ പ്രതികരിച്ചാല്‍? ചിലപ്പോള്‍ അത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ടാകണം ഈ സമയത്ത് നമ്മുടെ ശരീരം, നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ പ്രതികരിക്കാനാവാത്ത വിധം തളര്‍ന്നു നിശ്ചലമാകുന്നത്. 
രസകരമായ കാര്യങ്ങള്‍ ഈ സമയത്ത് ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. കണ്ണുകള്‍ക്ക് ദ്രുതചലനം ഉണ്ടാകുന്നു എന്ന് പേരില്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുന്നത് പലപ്പോഴും കണ്ണു കളുടെ ചലനം പതുക്കെയാണെന്നാണ്. REM തുടങ്ങുന്ന സമയത്തോ അത് അവസാനിക്കുന്ന സമയത്തോ ചില കാരണങ്ങള്‍ കൊണ്ട് നമ്മള്‍ ഉണര്‍ന്നുപോവുകയാണെങ്കില്‍ നമ്മുടെ ശരീരത്തിന്റെ തളര്‍ന്ന അവസ്ഥ കുറച്ചുനേരം കൂടി തുടര്‍ന്നേക്കാം. 
ചുറ്റുമുള്ള ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ കഴിഞ്ഞാലും ആ സമയത്ത് നമുക്ക് പ്രതികരിക്കാന്‍ ആവാത്ത വിധം ശരീരം തളര്‍ന്നിരിക്കുന്നു. നമ്മുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തലച്ചോര്‍ എത്രയും പെട്ടെന്ന് അതിജാഗരൂകാവസ്ഥയില്‍ എത്തുന്നു.
ഇതൊക്കെക്കൊണ്ടുണ്ടാകാവുന്ന ഒരു വലിയ പ്രയാസം നമുക്ക് ചില മായാദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കുമെന്നുള്ളതാണ്. ഉദാഹരണത്തിന്, ചിലര്‍ക്ക് തോന്നുക തന്നെക്കാള്‍ ശക്തിയുള്ള മറ്റൊരു രൂപം അനങ്ങാന്‍ ആവാത്തവിധം തന്നെ അമര്‍ത്തിപ്പിടിക്കുന്നു എന്നുള്ളതാണ്. 
പ്രേതവും ഭൂതവുമൊക്കെ ആയി ആ രൂപങ്ങള്‍ക്ക് മാറ്റമുണ്ടാകാം എന്നു മാത്രമായിരിക്കും പലപ്പോഴും വ്യത്യാസം. ഇതൊന്നും കൂടുതല്‍നേരം നീണ്ടു നില്‍ക്കുകയില്ല. 
സത്യത്തില്‍ നമ്മളെ ഒന്നുണര്‍ത്തിക്കിട്ടാനുള്ള തലച്ചോറിന്റെ അടവുകള്‍ ആണ് ഇവയൊക്കെ. ശരീരം പ്രതികരിക്കാന്‍ ആവാത്തവിധം തളര്‍ന്നിരിക്കുന്ന അവസ്ഥയെ ആണ് 'സ്ലീപ് പരാലിസിസ്' എന്നതു കൊണ്ട് പൊതുവായി പരാമര്‍ശിക്കുന്നത്. 
ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വിശദീകരണം തേടി ചെന്നാല്‍ ജീനിലെ മാറ്റങ്ങള്‍ മുതല്‍ 'സ്ലീപ് അപ്നിയ' പോലുള്ള രോഗങ്ങള്‍ വരെ നിരത്തിവയ്ക്കും ഗവേഷകര്‍. മലര്‍ന്നുകിടന്ന് ഉറങ്ങുന്നവരില്‍ ഇത് കൂടുതലായി കണ്ടുവരുന്നു.
മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുന്നതും മാനസ്സിക സമ്മര്‍ദം ഒഴിവാക്കുന്നതും ഇത്തരം അവസ്ഥകളില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുന്നുണ്ട്. ധ്യാനം, യോഗ തുടങ്ങിയവയും പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.

May 30
12:53 2017

Write a Comment