GK News

ഓര്‍മകളുടെ മണിമുഴക്കങ്ങള്‍

ചെറിയ മണികള്‍ കിലുങ്ങുന്നതിന് (jingling എന്നര്‍ഥമുള്ള) ഒരു വാക്ക് വേണമായിരുന്നു എഡ്ഗാര്‍ അലന്‍ പോ എന്ന അനുഗൃഹീത എഴുത്തുകാരന്. നിലവിലുള്ള വാക്കുകള്‍ക്ക് അദ്ദേഹമാഗ്രഹിക്കുന്ന ശ്രവ്യഭംഗിയും അര്‍ഥവും ഒന്നിച്ചു നല്‍കാന്‍ കഴിയുന്നുമില്ല. ഇംഗ്ലീഷ് വിട്ട് ലാറ്റിന്‍ ഭാഷയിലായി അന്വേഷണം. ചെറിയ മണികള്‍ കിലുങ്ങുന്നതു പോലെയുള്ള ശബ്ദത്തിന് ലാറ്റിനില്‍ പറയുന്ന വാക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'tintinnare' എന്നായിരുന്നു ആ വാക്ക്. ഇറ്റാലിയന്‍ ഭാഷയില്‍ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. 'tin' എന്ന വാക്ക് രണ്ടുപ്രാവശ്യം ഉപയോഗിച്ചു കൊണ്ടാണ് ആവശ്യമായ അര്‍ഥം ജനിപ്പിക്കുന്നത്. മണി എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന ലാറ്റിന്‍ വാക്കാകട്ടെ 'tintinnabulum' എന്നാണ്. 
 'കിലുങ്ങുന്ന മണിയുടെ ശബ്ദം' എന്ന അര്‍ഥം ലഭിക്കാനായി എഡ്ഗാര്‍ അലന്‍ പോ tintinnare എന്ന വാക്കും tintinnabulum എന്ന വാക്കും ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്ന ation എന്ന വാക്കും കൂടെ ചേര്‍ത്ത് ഉണ്ടാക്കിയ വാക്കാണ് tintinnabulation. ഉച്ചാരണം റ്റിന്റ്റിനാബുലേഷന്‍. ബഹുവചനം tintinnabulations. 
1849-ല്‍ പുറത്തിറങ്ങിയ 'ദി ബെല്‍സ്' എന്ന കവിതയിലാണ് എഡ്ഗാര്‍ അലന്‍ പോ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. 
Keeping time, time, time,
In a sort of Runic rhyme,
To the tintinnabulation that so musically wells
From the bells, bells, bells, bells,
Bells, bells, bells --
From the jingling and the tinkling of the bells. 
ആദ്യമായി ഈ വാക്ക് ഉപയോഗിച്ചതാര്, എപ്പോള്‍ എന്നതിനെ കുറിച്ച് സംശയങ്ങളുണ്ടായിട്ടുണ്ട്. 1845-ല്‍ ഒരു അമേരിക്കന്‍ കത്തില്‍ ഈ വാക്ക് ഉപയോഗിച്ചതായി കാണുന്നുണ്ട്. മാത്രമല്ല, 1847-ല്‍ പുറത്തിറങ്ങിയ ചാള്‍സ് ഡിക്കന്‍സിന്റെ 'Dombey and Sons' എന്ന കൃതിയില്‍ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അലന്‍ പോയുടെ കവിത പുറത്തിറങ്ങുന്നത് അദ്ദേഹം മരിച്ച വര്‍ഷമായ 1949 -ല്‍ ആണെങ്കിലും അദ്ദേഹം അതിനും വളരെ മുമ്പുതന്നെ ആ കവിത എഴുതിയിരുന്നു. മാത്രമല്ല, tintinnabulum എന്ന വാക്കുമായി ബന്ധമുള്ള tintinnabulary , tintinnabulatory എന്നീ വാക്കുകള്‍ ഇംഗ്ലീഷില്‍ നിലവില്‍ ഉണ്ടായിരുന്നതും അലന്‍ പോ ഉള്‍െപ്പടെയുള്ളവര്‍ ഉപയോഗിച്ചിട്ടുള്ളതുമാണ്. അലന്‍ പോ ആണ് ഈ വാക്ക് കണ്ടെത്തിയതെന്നുള്ള പരാമര്‍ശം ഉണ്ടാകുമ്പോള്‍ ജീവിച്ചിരുന്ന ചാള്‍സ് ഡിക്കന്‍സ് ഒരിക്കലും അത് നിഷേധിച്ചിട്ടുമില്ല. (അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തിയായിരുന്നു എഡ്ഗാര്‍ അലന്‍ പോ. കവിയും നിരൂപകനും ചെറുകഥാകൃത്തും ആയിരുന്നു പോ.)
'reminiscence' (ഉച്ചാരണം റെമിനിസെന്‍സ്) എന്നാല്‍ പൂര്‍വകാല സംഭവങ്ങളെ ഓര്‍ത്തെടുക്കുന്ന പ്രക്രിയ എന്നാണര്‍ഥം. 'സ്മരണ' എന്ന അര്‍ഥത്തില്‍ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. ലാറ്റിന്‍ വാക്കായ 'റെമിനിസെന്‍ഷ്യ' എന്ന വാക്കില്‍ നിന്നും ഫ്രഞ്ച് വാക്കായ റെമിനിസെന്‍സ് ഉണ്ടാവുകയും അത് ഇംഗ്‌ളീഷില്‍ എത്തുകയും ചെയ്തു എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. നേരത്തെ പറഞ്ഞ റ്റിന്റ്റിനാബുലേഷന്‍ എന്ന വാക്കും റെമിനിസെന്‍സ് എന്ന വാക്കും നമുക്ക് ഒന്ന് ചേര്‍ത്ത് ഉപയോഗിച്ചാലോ? tintinnabulations of reminiscences. സ്മരണകളുടെ മണിമുഴക്കങ്ങള്‍. tintinnabulations of memories എന്നുപയോഗിച്ചാലും ഏതാണ്ട് ഇതേ അര്‍ഥം കിട്ടും. ഓര്‍മകളുടെ മണിമുഴക്കങ്ങള്‍ എന്നു നല്ല മലയാളത്തില്‍ നമുക്ക് പറയുകയും ചെയ്യാം. 

June 15
12:53 2017

Write a Comment