GK News

പ്രാചീനലോകത്തേക്ക് വഴിതുറന്ന് പത്തുകോടി വര്‍ഷംമുമ്പ് ആമ്പറില്‍ കുടുങ്ങിയ പക്ഷിക്കുഞ്ഞ്

പത്തുകോടി വര്‍ഷംമുമ്പ് ദിനോസറുകള്‍ ഭൂമിയില്‍ മേഞ്ഞുനടന്ന കാലത്തെ ഒരു പക്ഷിക്കുഞ്ഞ് കേടൊന്നും കൂടാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. പ്രാചീനകാലത്തെ പക്ഷികളെക്കുറിച്ചും ജീവലോകത്തെപറ്റിയും പുതിയ ഉള്‍ക്കാഴ്ച നല്‍കാന്‍ കഴിയുന്ന സംഗതിയാകുമത്.

മ്യാന്‍മറില്‍ ഒരു വലിയ കഷണം ആമ്പറില്‍ ( amber ) കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പക്ഷിക്കുഞ്ഞ്, ഇത്തരമൊരു അവസരമാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് നല്‍കുന്നത്. 

പത്തുകോടി വര്‍ഷംമുമ്പ് ആമ്പര്‍ പശയില്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട ആ ജീവിയുടെ തൂവലുകളും മാംസഭാഗങ്ങളും നഖങ്ങളുമെല്ലാം ഒരുകേടും കൂടാതിരിക്കുന്നു എന്നകാര്യം ഗവേഷകരെ ആവേശഭരിതരാക്കി.

'ഓപ്പോസിറ്റ് ബേര്‍ഡ്‌സ്' ( 'opposite birds' ) എന്ന് പേരുള്ള പ്രാചീന പക്ഷിയിനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 'ഇതുവരെ ലഭിച്ചതില്‍ ഏറ്റവും പൂര്‍ണമായ സ്‌പെസിമിന്‍ ആണിത്', പഠനസംഘത്തില്‍പെട്ട റയാന്‍ മക്‌കെല്ലര്‍ പറഞ്ഞു. കാനഡയില്‍ 'റോയല്‍ സസ്‌കെച്ചവാന്‍ മ്യൂസിയ'ത്തിലെ ഗവേഷകനാണ് മക്‌കെല്ലര്‍. 'പൂര്‍ണമായ ഇത്തരമൊന്ന് കണ്ടെത്തുക അത്ഭുതപ്പെടുത്തുന്നതാണ്'. 

മുട്ട വിരിഞ്ഞ് അധികം കഴിയാതെ പക്ഷിക്കുഞ്ഞ് കൂട്ടിനുള്ളില്‍ നിന്ന് പശക്കുഴിയില്‍ വീഴുകയും, ടാറുപോലുള്ള അതിനുള്ളില്‍ മുങ്ങി കുടുങ്ങുകയും ചെയ്തു എന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്. പ്രാചീനലോകത്തെക്കുറിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ മനസിലാക്കിയിട്ടുള്ളത്, ഇത്തരത്തില്‍ ആമ്പര്‍ പശയില്‍പെട്ട് കേടുകൂടാതെ സൂക്ഷിക്കപ്പെടുന്ന സ്‌പെസിമിനുകളില്‍ നിന്നാണ്. പോയകാലത്തിന്റെ പ്രതിനിധികളായ പ്രാണികളും എട്ടുകാലികളുമൊക്കെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്. പ്രസിദ്ധമായ 'ജുറാസിക് പാര്‍ക്' സിനിമയില്‍ ക്ലോണ്‍ചെയ്യാനുള്ള ദിനോസര്‍ ഡി.എന്‍.എ. ലഭിക്കുന്നത് ആമ്പറിനുള്ളല്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട കൊതുകിനുള്ളിലെ രക്തത്തില്‍ നിന്നാണ് (ഇങ്ങനെ ഡി.എന്‍.എ.കിട്ടുമോ എന്നത് തര്‍ക്കവിഷയാണ്). 

എന്നാല്‍, മരപ്പശയില്‍ ചെറുജീവികള്‍ കുടുങ്ങുകയും കാലങ്ങളോളം അതില്‍ കേടുപറ്റാതെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ രസതന്ത്രം ഇപ്പോഴും ശാസ്ത്രലോകത്തിന് പൂര്‍ണമായി പിടികിട്ടിയിട്ടില്ല. പശയ്ക്കുള്ളില്‍ കുടുങ്ങുന്ന ജീവി, ശരിയായ മര്‍ദ്ദവും താപനിലയുമുണ്ടെങ്കില്‍ കട്ടിയാകാന്‍ തുടങ്ങി ഉറഞ്ഞ് കട്ടപിടിച്ച് ഒടുവില്‍ 'കോപ്പല്‍' ( copal ) എന്ന പദാര്‍ഥമായി പരിണമിക്കുന്നു. മരപ്പശ എത്രകാലം കൊണ്ട് കോപ്പല്‍ ആകുമെന്നോ, അതെത്ര കാലം കഴിഞ്ഞാല്‍ ആമ്പറെന്ന് വിളിക്കാന്‍ കഴിയുന്ന രൂപത്തിലാകുമെന്നോ ഉള്ള കാര്യം ഇപ്പോഴും വ്യക്തമല്ല. ഇപ്പോള്‍ ആമ്പറിനുള്ളില്‍ കണ്ടെത്തിയ പക്ഷിക്കുഞ്ഞിന്റെ ശരീരം കാഴ്ചയ്ക്ക് നല്ല നിലയിലാണെങ്കിലും, അതിന്റെ ശരീരം മിക്കവാറും ശുദ്ധ കാര്‍ബണായി വിഘടിച്ച് കഴിഞ്ഞിട്ടുണ്ടാകും എന്നാണ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ട് അതിന്റെ ഡി.എന്‍.എ. വീണ്ടെടുക്കുക അസാധ്യമായേക്കും. 'ജുറാസിക് പാര്‍ക്കി'ലേതുപോലെ ഈ പ്രാചീനപക്ഷിയെ ക്ലോണ്‍ചെയ്യാന്‍ കഴിയില്ല എന്നുസാരം. 

'ഓപ്പോസിറ്റ് ബേര്‍ഡ്‌സ്' എന്ന പേരിലറിയപ്പെടുന്ന പ്രാചീനപക്ഷിയിനമായ 'Enantiornithines' വിഭാഗത്തില്‍ പെട്ടതാണ് ആമ്പറില്‍ കണ്ടെത്തിയ പക്ഷി. ആധുനിക പക്ഷികളുടെ അടുത്ത പൂര്‍വികബന്ധുക്കളാണ് ഇവ. ക്രിറ്റേഷ്യസ് യുഗത്തിലാണ് ഈ പക്ഷികള്‍ ജീവിച്ചിരുന്നതെന്ന് മക്‌കെല്ലര്‍ പറഞ്ഞു. 'ഗോണ്ട്വാനാ റിസര്‍ച്ച്' ജേര്‍ണലിലാണ് കണ്ടെത്തല്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ടുള്ളത്

June 28
12:53 2017

Write a Comment