GK News

ദിനോസറുകള്‍ അടയിരിക്കാറുണ്ടോ

923ലാണ് ആദ്യമായി ദിനോസര്‍ മുട്ടകള്‍ കണ്ടെത്തുന്നത്. അതിനും മുമ്പ് 1820 ലാണ് ആദ്യമായി ദിനോസറുകളുടെ ഭൗതിക ശേഷിപ്പുകള്‍ ശാസ്ത്രലോകം കണ്ടെത്തിയത്. ജൈവശാസ്ത്രലോകത്തിന് സങ്കല്‍പ്പങ്ങളുടെ ഒരു ഭൂതകാലലോകം തുറന്നുകൊടുക്കുന്നതായിരുന്നു ആ കണ്ടെത്തല്‍. പിന്നീടിങ്ങോട്ട് വന്ന തലമുറകളെല്ലാം ദിനോസര്‍ യുഗത്തിന്റെ പൊരുളുകള്‍ തേടി നടന്നു. നിരവധി ഗവേഷണങ്ങള്‍ ഈ മേഖലയില്‍ ഇന്ന് നടക്കുന്നുണ്ട്.

ദിനോസര്‍ മുട്ടകളുടെ ഫോസിലുകള്‍ ഈ രംഗത്തെ മുഖ്യ പഠന വിഷയങ്ങളില്‍ ഒന്നാണ്. ദിനോസറുകളെ കുറിച്ചും അക്കാലത്തെ ഭൂപരിസ്ഥിതിയെ കുറിച്ചും കാര്യമായ വിവരങ്ങള്‍ നല്‍കാന്‍ ഈ മുട്ടകള്‍ക്ക് സാധിക്കും. ദിനോസര്‍ മുട്ടകളെ കുറിച്ചുള്ള ശ്രദ്ധേമായ ചില വിവരങ്ങളാണ് താഴെ. 

പക്ഷികളെ പോലെ ദിനോസറുകള്‍ അടയിരിക്കാറാണ് പതിവ്

പക്ഷികള്‍ ദിനോസറുകളുടെ വര്‍ഗ്ഗത്തില്‍ പെട്ടതാണെന്നാണ് ഗവേഷണലോകത്തിന്റെ കണ്ടെത്തല്‍. ശരിക്കും ദിനോസറുകള്‍ പക്ഷികളെ പോലെ തന്നെയായിരുന്നോ പെരുമാറിയിരുന്നത് ? ഫോസിലുകളില്‍ നിന്നും പലപ്പോഴും അവയുടെ സ്വഭാവം തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഒരിക്കല്‍ ഫോസിലുകളില്‍ നിന്നും അത്തരത്തിലുള്ള വിവരങ്ങള്‍ ഗവേഷകര്‍ ലഭിച്ചു. 

1990കളിലാണ് സംഭവം. മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ നിന്നും കൂട്ടില്‍ അടയിരിക്കുന്ന പറക്കാന്‍ സാധിക്കാത്ത, സിറ്റിപാറ്റി എന്ന വിഭാഗത്തില്‍പെട്ട അമ്മ ദിനോസറിന്റെ ഫോസില്‍ എ.എം.എന്‍.എച്ച് പാലിയോന്തോളജി സംഘം കണ്ടെത്തി. ഇന്നത്തെ പക്ഷികളെ പോലെ അടയിരുന്നാണ് ദിനോസറുകള്‍ മുട്ടവിരിയിച്ചിരുന്നതെന്ന നിരീക്ഷണത്തിന് സ്ഥിരീകരണം നല്‍കുന്നതായിരുന്നു അത്. 

ഇതിന് മുമ്പ് ഫോസില്‍ ഗവേഷകരായ ഡേവിഡ് വരീഷിയോയെ പോലുള്ളവര്‍ ദിനോസര്‍ മുട്ടകളുടെ രൂപഘടനയെ കുറിച്ചും അവയുടെ കൂടുകളുടെ സ്വഭാവത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ട്രൂഡന്‍ വിഭാഗത്തില്‍ പെട്ട ദിനോസറുകളുടെ മുട്ടകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അവ ഭാഗികമായി മണ്ണില്‍ പൂഴ്ത്തിയിട്ടിരുന്നുവെന്നും അവയ്ക്ക് മുകളിലാണ് ദിനോസറുകള്‍ അടയിരുന്നിരുന്നതെന്നും ഇവര്‍ കണ്ടെത്തി. 

പല ദിനോസര്‍ മുട്ടകളിലും ഭ്രൂണം കണ്ടെത്തിയിട്ടുണ്ട് 

ദിനോസര്‍ മുട്ടകളില്‍ ഭ്രൂണം കണ്ടെത്തുകയെന്നത് അപൂര്‍വ്വമായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.  മംഗോളിയ, ചൈന എന്നിവിടങ്ങള്‍ക്ക് സമാനമായ അന്തരീക്ഷമുള്ളയിടങ്ങളിലാണ് പ്രത്യേകിച്ചും ഇത്തരം അമൂല്യമായ സൂക്ഷിപ്പുകള്‍ കണ്ടെത്തിയിട്ടുള്ളത്. 

1994ല്‍ ഗവേഷകനായ മാര്‍ക്ക് നോറലും സംഘവും മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ നിന്നും ഭ്രൂണാവശിഷ്ടങ്ങള്‍ അടങ്ങിയ ദിനോസര്‍ മുട്ടകളും കൂടും കണ്ടെത്തി. അതിന് ശേഷം പോര്‍ച്ചുഗല്‍ ചൈന എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള മുട്ടകള്‍ കണ്ടെത്തുകയുണ്ടായി.

മുട്ടക്കകത്ത് നിരീക്ഷണം നടത്താന്‍ ഗവേഷകര്‍ സിടി സ്‌കാനിങ് സംവിധാനം ഉപയോഗിക്കാറുണ്ട്. അതുവഴി ദിനോസറിന്റെ രൂപവും ഏത് വിഭാഗത്തില്‍ പെട്ടതാണെന്നും കണ്ടെത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഒരു ദിനോസര്‍ മുട്ടയില്‍ നടത്തിയ സിടി സ്‌കാനില്‍ അത് പക്ഷിക്ക് സമാനമാണെന്ന് കണ്ടെത്തിയിരുന്നു. അതായത് പറക്കാന്‍ കഴിയുന്ന ദിനോസര്‍ ആയിരുന്നു അത്. 

ദിനോസര്‍ മുട്ടകള്‍ക്ക് നിറങ്ങളുണ്ടായിരുന്നു

ഫോസിലുകളുടെ രാസഘടന പരിശോധിക്കുന്നതും അവ നിറങ്ങളോട് ബന്ധപ്പെടുത്തുന്നതും ഫോസില്‍ ഗവേഷണ രംഗത്ത് നടന്നുവരുന്ന പഠനരീതിയാണ്. മുമ്പ് ഇത് തൂവലുകളിലാണ് നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഫോസില്‍ മുട്ടത്തോടുകളിലും നടത്തുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം ഗവേഷകയായ ജാസ്മിന വിമാനും സഹപ്രവര്‍ത്തകരും മാസ് സ്‌പെക്ടോമീറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ച് നീല എമു മുട്ടയിലെ രാസ് ഘടനയും ദിനോസര്‍ മുട്ടയിലെ രാസഘടനയും തമ്മില്‍ താരതമ്യപ്പെടുത്തുകയുണ്ടായി. എമു മുട്ടയെ നീല നിറമുള്ളതാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ദിനോസര്‍ മുട്ടയിലും ഇവര്‍ കണ്ടെത്തി. അതായത് ദിനോസര്‍ മുട്ടകള്‍ക്ക് നീലനിറമുണ്ടായിരുന്നു എന്ന്. 

പാരിസ്ഥിതിക വിവരങ്ങളും ഇവയില്‍ അടങ്ങിയിരിക്കും

കാത്സ്യം കാര്‍ബണേറ്റ് കൊണ്ടാണ് മുട്ടത്തോടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അതും ദിനോസറിന്റെ ശരീരത്തിനുള്ളില്‍. അതുകൊണ്ടുതന്നെ ആ ദിനോസര്‍ കഴിക്കുന്ന വെള്ളത്തിന്റേയും ആഹാരത്തിന്റെയും വിവരങ്ങള്‍ അവയിലുണ്ടാകും. ഇവയുടെ അടിസ്ഥാനത്തില്‍ കാര്‍ബണിന്റേയും ഓക്‌സിജന്റേയും സാന്നിധ്യത്തെ കുറിച്ചുള്ള രാസപരിശോധന ആ ദിനോസര്‍ ജീവിച്ചിരുന്ന അന്തരീക്ഷത്തെ കുറിച്ചും ആഹാരത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കും.

2013ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ ഒവിറാപ്‌റ്റോറിഡ് വിഭാഗത്തില്‍ പെട്ട മുട്ടയില്‍ നിന്നും 8 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗോബി ഇപ്പോഴുള്ളത് പോലെ തന്നെ വരണ്ടതും വെള്ളം കുറഞ്ഞയിടവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫ്രാന്‍സിലും റൊമാനിയയിലും ഇത്തരത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതായത് ദിനോസര്‍ മുട്ടകള്‍ ദിനോസറുകളുടെ ജൈവിക പ്രത്യേകതകളെ കുറിച്ച് മാത്രമല്ല അവ ജീവിച്ചിരുന്ന കാലത്തെ ഭൗമാന്തരീക്ഷത്തെ കുറിച്ചുള്ള വിവരങ്ങളും പ്രദാനം ചെയ്യുന്നവയാണ്.

കഴിഞ്ഞ വര്‍ഷം തന്നെ. യു.സി.എല്‍.എ ശാസ്ത്രജ്ഞന്‍ റോഹ് ഈഗിള്‍ നടത്തിയ ഗവേഷണത്തില്‍, ദിനോസര്‍ മുട്ടകളില്‍ നിന്നും ദിനോസറുകളുടെ ശരീര താപനില കണ്ടെത്തുകയും അതുവഴി അവ ജീവിച്ചിരുന്നത് തണുത്ത കാലാവസ്ഥയിലാണെന്നും കണ്ടെത്തുകയുണ്ടായി.

ദിനോസര്‍ മുട്ടകളിലുള്ള പുതിയ രാസ പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ഭാവിയില്‍ ദിനോസര്‍ മുട്ടകള്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞേക്കും. 

കടപ്പാട്: ഫോര്‍ബ്‌സ്

















July 07
12:53 2017

Write a Comment