GK News

ആനയല്ല, ലാമയല്ല, കുതിരയുമല്ല; ഡാര്‍വിനെ കുഴക്കിയ ഫോസ്സിലിന്റെ ചുരുളഴിയുന്നു

നയുടെ തുമ്പിക്കൈ പോലെ ഇരു കണ്ണുകള്‍ക്കും നടുവിലായാണ് ഈ മൃഗത്തിന്റെ മൂക്ക്.  മൂക്ക് പാതിമുറിഞ്ഞ പോലെയും തോന്നിച്ചേക്കാം. രണ്ട് നൂറ്റാണ്ട് മുമ്പ് ചാള്‍സ് ഡാര്‍വിനെപ്പോലും കുഴക്കിയ ഈ ജീവിയുടെ അവശിഷ്ടത്തിന് ഒടുവില്‍ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസത്രലോകം.

നീണ്ട കഴുത്തുള്ളതുകൊണ്ടു തന്നെ ലാമ മൃഗത്തിന്റെ പിന്തുടര്‍ച്ചക്കാരാവാം എന്ന അനുമാനത്തിലായിരുന്നു ശാസ്ത്ര ലോകം ഇത്രനാളും. രണ്ട് നൂറ്റാണ്ട് മുമ്പ് ഈ വിചിത്ര ജീവിയുടെ ഫോസ്സില്‍ ശാസ്ത്രലോകം വീണ്ടെടുത്ത ശേഷം നടന്ന പഠനങ്ങള്‍ ഭീമാകാരനായ ലാമയായിരിക്കാം എന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നതും. എന്നാല്‍ ആ നിഗമനങ്ങള്‍ പാടെ തള്ളിക്കളയുന്നതാണ് പുതിയ കണ്ടെത്തല്‍. 

Macrauchenia patachonica എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ജീവി ലാമയോ കുതിരയോ ആനയോ അല്ല എന്നാണ് പുതിയ ഫോസ്സില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ച ഡാര്‍വിനുപോലും ഈ ജീവിയുടെ യഥാര്‍ഥ വര്‍ഗ്ഗമേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ ഉത്പത്തിയോ ഈ സ്പീഷിസിന് പിന്നെ എന്ത് സംഭവിച്ചെന്നോ എന്നുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് തരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പുതിയ പഠനം ഈ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നു.

കുതിര, കണ്ടാമൃഗം, ടാപിര്‍ എന്നിവയുടെയെല്ലാം അകന്ന ബന്ധുവായി വരും മക്രോചേനിയ എന്നാണ് പുതിയ കണ്ടെത്തല്‍. ഇവയെല്ലാം പെരിസ്സോഡാക്റ്റില എന്ന വര്‍ഗ്ഗത്തിന്റെ ഭാഗമാണ്.

ഇതുവരെ ശാസ്ത്ര ലോകത്തിന് പിടി തരാതിരുന്ന ജീവിക്ക് അങ്ങനെ പരിണാമ ചരിത്രത്തില്‍ കൃത്യമായ സ്ഥാനം നല്‍കാന്‍ ഡിഎന്‍എ പരിശോധനയിലൂടെ കഴിഞ്ഞെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ദക്ഷിണ ചിലിയിലെ ഗുഹയില്‍ നിന്ന് കണ്ടെത്തിയ ഫോസിലിന്റെ ഡിഎന്‍എ പരിശോധനയാണ് ഇത്ര നാളും ചുരുളഴിയാതിരുന്ന പുതിയ വിവരങ്ങളിലേക്ക് വെളിച്ചം വീശിയത്. ജര്‍മ്മനി പോട്‌സ്ഡാം സര്‍വ്വകലാശാലയിലെയും അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്ചറല്‍ ഹിസ്റ്ററിയിലെയും ശാസത്രജ്ഞരാണ് ഡിഎന്‍എ വിശകലനം നടത്തിയത്. 

മക്രോചേനിയയ്ക്ക് അടുത്ത ബന്ധുക്കളൊന്നും ഇല്ലാത്തിനാല്‍ തന്നെ ജനിതക ഘടന പുനര്‍നിര്‍മ്മിച്ച് നടത്തിയ പഠനത്തിലൂടെയാണ് കണ്ടെത്തലുകള്‍ നടത്തിയതെന്നും ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.


July 08
12:53 2017

Write a Comment