GK News

രണ്ടു തലയുള്ള കടല്‍പ്പന്നി

പോര്‍പ്പിസ് (പോര്‍പിയസ്, പോര്‍പസ് എന്നൊക്കെ വിളിപ്പേരുണ്ട്)  എന്നൊരു കടല്‍ മത്സ്യം ഡോള്‍ഫിന്റെ കുടുംബത്തിലുണ്ട്. ആറ് വ്യത്യസ്ത തരത്തിലുള്ള പോര്‍പ്പിസ് ആണുള്ളത്. 
ഹോളണ്ടിലുള്ള ചില മത്സ്യത്തൊഴിലാളികള്‍ മേയ് 30ന് ഒരു മീനിനെ കണ്ടെത്തി. അവര്‍ ആകെ ഭയന്നു. ആ മീനിന് രണ്ടു തല ഉണ്ടായിരുന്നു. കുറച്ചു  ചിത്രങ്ങള്‍ എടുത്ത്  അവര്‍ വാട്‌സാപ്പ് വഴി കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തു. ചുരുക്കിപ്പറഞ്ഞാല്‍ ചിത്രം വൈറല്‍ ആയി. 
പല കൈ മറിഞ്ഞ് ഈ ചിത്രങ്ങള്‍ ഇര്‍വിന്‍ കൊമ്പന്‍ജെ എന്നയാളുടെ ഇന്‍ബോക്‌സിലും എത്തി. റോട്ടര്‍ഡാമിലെ നാച്വറല്‍ ഹിസ്റ്ററിയില്‍ സസ്തനികളുടെ ക്യൂറേറ്റര്‍ ആയി ജോലിയുള്ള ആളാണ്. ചിത്രം കണ്ട് അദ്ദേഹം ഞെട്ടി. പോര്‍പ്പിസ് വിഭാഗത്തില്‍ ഉണ്ടായിരുന്ന ആ മത്സ്യം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമാണ്. സാധാരണ ഡോള്‍ഫിന്‍ വിഭാഗത്തിലുള്ള മത്സ്യങ്ങളില്‍ ഇരട്ടക്കുട്ടികള്‍ തന്നെ അസാധ്യം. ചിത്രത്തിലുള്ളത് ശരീരം ഒന്ന് ചേര്‍ന്ന ഇരട്ടകള്‍ ആണ്. അതും ജീവനോടെയാണ് അവര്‍ക്ക് കിട്ടിയിരിക്കുന്നത്. മാത്രമല്ല  ജനിച്ചിട്ട് അധിക ദിവസം ആകുവാനും സാധ്യതയില്ല.
ഇര്‍വിന്‍ രേഖകള്‍ ഒക്കെ പരിശോധിച്ചു. ഇരട്ടകള്‍ക്ക് ഗര്‍ഭപാത്രത്തില്‍ സ്ഥലം ഇല്ലാത്തതു കാരണം ശരീരം ചേര്‍ന്ന അവസ്ഥയിലുള്ളവ അപൂര്‍ണ ഭ്രൂണമായി തന്നെ നശിക്കുകയാണ് പതിവ്. ചരിത്രത്തില്‍ ആകെ രേഖപ്പെടുത്തിയിരിക്കുന്നത് ഒമ്പതെണ്ണം മാത്രം. 1970 ല്‍ ജപ്പാനില്‍ കണ്ടെത്തിയതിന് ഒരു തലയും രണ്ടു  ഉടലും ഉണ്ടായിരുന്നെങ്കിലും അത് ഒരു ചത്ത ഡോള്‍ഫിന്റെ ഗര്‍ഭത്തിലുള്ള ഭ്രൂണമായിരുന്നു. മറ്റൊന്ന് കണ്ടെത്തിയത് 2001 ല്‍ ആണ്. ഇരട്ടച്ചുണ്ടുള്ള ഒരു  ഡോള്‍ഫിന്‍ കുഞ്ഞിന്റെ ചീഞ്ഞ മൃതദേഹമായിരുന്നു അത്. ഇര്‍വിന്‍ അന്വേഷണം തുടങ്ങി. അവസാനം ആ അന്വേഷണം ഹോളണ്ടിലെ ബോട്ടുടമയിലെത്തി. സംഗതി സത്യമായിരുന്നുവെന്നും അതിനെ വലയില്‍ കിട്ടുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും ആ ബോട്ടുടമ പറഞ്ഞു. ജോലിക്കാര്‍ ഭയന്നു പോയിരുന്നു. ഇതിനെ സൂക്ഷിച്ചാല്‍ വല്ല കേസും ആകുമോ എന്നായിരുന്നു അവരുടെ പേടി. എങ്കിലും അവര്‍ കുറച്ച് ഫോട്ടോ ഒക്കെ എടുത്തുവെന്നും അയാള്‍ ഇര്‍വിനോട് പറഞ്ഞു. ഒരു പ്രതീക്ഷയില്ലെങ്കിലും ഇര്‍വിന്‍ അയാളോടൊരു ചോദ്യം ചോദിച്ചു. എവിടെ ആ പോര്‍പ്പിസ് ? ബോട്ടുടമ വളരെ ശാന്തമായി പറഞ്ഞു. 'ഹോ കുറച്ചു കഴിഞ്ഞ് അവര്‍ അതിനെ കടലിലേക്ക് തന്നെ വിട്ടു.'  ഇര്‍വിന്റെ ഇരുപത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും നിരാശ തോന്നിയ മറ്റൊരു സമയമില്ല. എങ്കിലും ഇര്‍വിന്‍ പതുക്കെ തന്നോട് തന്നെ പറയുന്നു. 'കടലില്‍ എവിടെയോ ഒരു പോര്‍പ്പിസ് ഇരട്ടത്തലയോടെ ജീവിച്ചിരിപ്പുണ്ട്.'

August 03
12:53 2017

Write a Comment