GK News

സ്റ്റോട്ട് കൂട്ടുകാര്‍


നീര്‍നായുടെ വര്‍ഗത്തില്‍ പെട്ട ജീവിയാണ് സ്റ്റോട്ട്.  കാഴ്ചയ്ക്ക് ചെറിയ ജീവികള്‍ ആണെങ്കിലും ഭീകരന്മാര്‍ ആണിവര്‍. മറ്റു ഇരപിടിയന്മാരെ ഇരയാക്കിയാണ് ഇവരുടെ ജീവിതം. 
സ്‌കോട്ട്ലന്‍ഡിലെ  നോര്‍ത്ത് കേസോക്ക് എന്ന സ്ഥലത്ത് ഒരാള്‍ രാവിലെ നടക്കുവാനിറങ്ങി. ചെറിയൊരു ശബ്ദം കേട്ട് അദ്ദേഹം നോക്കിയപ്പോള്‍ റോഡില്‍ തന്നെ ഒരു സ്റ്റോട്ട് ചത്തു കിടക്കുന്നു. അടുത്ത് തന്നെ ആറ് കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നുമുണ്ട്. ആ നല്ല മനുഷ്യന്‍ അറിയിച്ചതനുസരിച്ച് എസ്.പി.സി.എ. എന്ന സംഘടന എത്തി ആറ് കുഞ്ഞുങ്ങളെയും നാഷണല്‍ വൈഡ് ലൈഫ് റെസ്‌ക്യൂ സെന്റര്‍ എന്ന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആകെ അഞ്ചാഴ്ച മാത്രമേ അവര്‍ക്ക് പ്രായമുള്ളൂ. സാധാരണഗതിയില്‍ അമ്മയില്ലാതെ ജീവിക്കുവാന്‍ പ്രയാസം. എങ്കിലും സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ ൈകയില്‍ എത്തിയതോടെ എങ്ങനെയും അവയെ വളര്‍ത്തിയെടുക്കാം എന്ന പ്രതീക്ഷയുണ്ട് .
ആറുപേരും ഒന്നിച്ചാണ് നടപ്പും ഇരുപ്പും കിടപ്പും.  ഫ്രണ്ട്‌സ് എന്ന ടി.വി. സീരിയലിലെ കൂട്ടുകാരെ പോലെ ആണിവര്‍ എന്ന് പറഞ്ഞുകൊണ്ട് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ ഈ ആറ്് പേര്‍ക്കും സീരിയലില്‍ കഥാപാത്രങ്ങളുടെ പേരുകളായ റോസ്, ജോയി, ഷാന്‍ഡ്‌ലിയര്‍, റേച്ചല്‍, മോണിക്ക ഫോബ് എന്നിവ നല്കി. 
ഭീകരന്മാര്‍ എന്നുപറയുവാന്‍ കാരണം ഉണ്ട്. ഇവര്‍ തിന്നാത്ത ചെറിയ ജീവികള്‍ ഒന്നും ഇല്ലെന്നു പറയാം. മുയലുകള്‍, എലികള്‍, മീന്‍, പക്ഷികള്‍ തുടങ്ങിയവയെ തിന്നുന്ന ഇവര്‍ക്ക് പത്ത് വര്‍ഷം വരെയാണ് ആയുസ്. തണുപ്പുകാലത്ത് ഇവയുടെ പുറത്തുള്ള ഒരു ഭാഗം രോമം വെളുത്തതാകും. അതിനു വലിയ വിലയുണ്ട്. വളര്‍ത്തുപക്ഷികളുടെ കൂടുകളില്‍ കയറി മുട്ട പൊട്ടിച്ചു കുടിക്കുകയും തരം കിട്ടിയാല്‍ പക്ഷിയെ തന്നെ തിന്നുകയും ചെയ്യും. മുയല്‍ വളര്‍ത്തല്‍കാരുടെ ആജന്മ ശത്രുവാണ് സ്റ്റോട്ട്. പക്ഷെ വംശനാശ ഭീഷണിയൊന്നും ഇല്ല.

August 09
12:53 2017

Write a Comment