GK News

മനുഷ്യന് പ്രായം മൂന്നരലക്ഷം വര്‍ഷം

ആധുനിക മനുഷ്യവര്‍ഗത്തിന് (ഹോമോസാപിയന്‍സ്) പ്രായം മൂന്നരലക്ഷം വര്‍ഷമെന്ന് ഗവേഷകര്‍. ദക്ഷിണാഫ്രിക്കയില്‍ രണ്ടായിരത്തി അഞ്ഞൂറു വര്‍ഷംമുമ്പ് ജീവിച്ചിരുന്ന ഏഴുപേരുടെ ജനിതക വിവരങ്ങള്‍ വിശകലനംചെയ്ത് സ്വീഡനിലെ ഉപ്‌സല സര്‍വകലാശാലയിലെയും ജൊഹാനസ്ബര്‍ഗ് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് നിഗമനത്തിലെത്തിയത്.
 മുമ്പ് കരുതിയതിലും ഒന്നരലക്ഷം വര്‍ഷമെങ്കിലുംമുമ്പ് ഹോമോസാപിയന്‍സ് പിറവിയെടുത്തെന്നാണ് പഠനഫലം വെളിപ്പെടുത്തുന്നത്. പ്രാചീനകാലത്ത് നായാട്ടുജീവിതം നയിച്ചിരുന്ന മൂന്നുപേരുടെയും കാര്‍ഷകരായിരുന്ന നാലുപേരുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയത്. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു മേഖലയില്‍നിന്നുള്ളവരാണ് ഏഴുപേരും.
  പൂര്‍വിക മനുഷ്യവര്‍ഗങ്ങളില്‍നിന്ന് ആധുനിക മനുഷ്യന്‍ പിറവിയെടുത്തത് ആഫ്രിക്ക വന്‍കരയിലാണെന്ന നിഗമനത്തെ പുതിയ പഠനവും ശരിവെയ്ക്കുന്നു. ജൂണില്‍ മൊറോക്കോയില്‍നിന്ന് മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഫോസില്‍ കണ്ടെത്തിയിരുന്നു.

October 09
12:53 2017

Write a Comment