ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചു ലൈഗോ കണ്ടെത്തി
നൂറ്റാണ്ടുനീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഗുരുത്വതരംഗങ്ങള്‍ ഉണ്ടാവാമെന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ 1916ലെ പ്രവചനം ശരിവെക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞത്. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററിയില്‍ (ലൈഗോ) 2015 സപ്തംബറില്‍ ഗുരുത്വതരംഗങ്ങള്‍ ആദ്യമായി നിരീക്ഷിക്കപ്പെട്ടു. ആയിരത്തോളം ഗവേഷകരുടെ പതിറ്റാണ്ടുകള്‍നീണ്ട പരിശ്രമങ്ങളാണ് ഫലം കണ്ടത്.
ലൈഗോയിലെ കണ്ടെത്തലിന് നേതൃത്വം നല്‍കിയതിനാണ് യു.എസ്. ശാസ്ത്രജ്ഞരായ ബാരി ബാരിഷ്, കിപ് തോണ്‍, റൈനര്‍ വീസ് എന്നിവര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ലോകത്തെ പിടിച്ചുകുലുക്കിയ കണ്ടെത്തലെന്നാണ് സംഭവത്തെ നൊബേല്‍ പുരസ്‌കാരം നല്‍കുന്ന സ്വീഡിഷ് റോയല്‍ അക്കാദമി ഓഫ് സയന്‍സിന്റെ തലവന്‍ ഗൊറാന്‍ കെ ഹാന്‍സന്‍ വിശേഷിപ്പിക്കുന്നത്.
നക്ഷത്രസമൂഹങ്ങള്‍ കൂട്ടിയിടിക്കുക, തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നാവുക തുടങ്ങിയ അത്യന്തം പ്രക്ഷുബ്ധമായ പ്രാപഞ്ചികസംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി സഞ്ചരിക്കുമെന്നാണ് ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം പറയുന്നത്. പ്രകാശവേഗമുള്ള ഈ ഓളങ്ങളാണ് ഗുരുത്വതരംഗങ്ങളായി അറിയപ്പെടുന്നത്.
ഏതാണ്ട് 130 കോടി വര്‍ഷംമുമ്പ് രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ച് ഒന്നായപ്പോള്‍ രൂപപ്പെട്ട ഗുരുത്വതരംഗങ്ങളാണ് 2015ല്‍ കണ്ടെത്തിയത്. പിന്നീട് നാലുതവണകൂടി വിവിധ നിരീക്ഷണകേന്ദ്രങ്ങളില്‍ ഗുരുത്വതരംഗങ്ങള്‍ നിരീക്ഷിക്കപ്പെട്ടു. 180 കോടി വര്‍ഷംമുമ്പ് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ രൂപപ്പെട്ട ഗുരുത്വതരംഗങ്ങള്‍ ഓഗസ്റ്റില്‍ ലൈഗോയിലും ഇറ്റലിയിലെ യൂറോപ്യന്‍ ഗ്രാവിറ്റേഷണല്‍ ഒബ്‌സര്‍വേറ്ററിയിലും ഒരേസമയം നിരീക്ഷിക്കപ്പെട്ടു.
ലൈഗോ പദ്ധതിയില്‍ നിലവില്‍ രണ്ട് നിരീക്ഷണകേന്ദ്രങ്ങളാണുള്ളത്. അമേരിക്കയില്‍ പടിഞ്ഞാറന്‍ വാഷിങ്ടണിലെ ഹാന്‍ഫോഡിലും ലൂസിയാനയിലെ ലിവിങ്ടണിലും. ലൈഗോയുടെ മൂന്നാമത്തെ നിരീക്ഷണകേന്ദ്രം വരുന്നത് ഇന്ത്യയിലാണ്. ഭൂഗോളത്തിന്റെ മറുഭാഗത്ത് മൂന്നാം പരീക്ഷണശാല വരുന്നതോടെ ഓരോ തവണ ഗുരുത്വതരംഗങ്ങള്‍ ഭൂമിയെ കടന്നുപോകുമ്പോഴും മൂന്ന് നിരീക്ഷണം വീതം ലൈഗോയ്ക്ക് സാധ്യമാകും.
October 17
12:53
2017