മാറ്റിമറിച്ച മുന്നേറ്റം ക്രയോ-ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി
ബയോ കെമിസ്ട്രിയില്‍ വലിയമാറ്റങ്ങള്‍ക്ക് കാരണമായ സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനാണ് ജാക് ഡുബോഷെ, ജോക്കിം ഫ്രാങ്ക്, റിച്ചാര്‍ഡ് ഹെന്‍ഡേഴ്സന്‍ എന്നിവര്‍ക്ക് രസതന്ത്ര നൊബേല്‍ ലഭിച്ചത്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രോട്ടീന്‍, ആര്‍.എന്‍.എ., ഡി.എന്‍.എ. തുടങ്ങിയ അതിസൂക്ഷ്മ ഘടനകള്‍ ജൈവരസതന്ത്രത്തിന്റെ ബാലികേറാമലകളായിരുന്നു. ഇവയെ ജീവനുള്ള രൂപത്തിലും തനത്പരിതസ്ഥിതിയിലും പഠിക്കാന്‍ വഴിയുണ്ടായിരുന്നില്ല.
അന്ന് ഉപയോഗത്തിലുണ്ടായിരുന്ന ശക്തികൂടിയ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിന് ജീവനില്ലാത്ത ൈജവ സാംപിളുകള്‍ മാത്രമേ പഠിക്കാനാവൂ എന്നായിരുന്നു കരുതിയിരുന്നത്. ശക്തമായ ഇലക്ട്രോണ്‍ പ്രവാഹത്തില്‍ ജൈവതന്മാത്രകള്‍ നശിപ്പിക്കപ്പെടുമെന്നതായിരുന്നു കാരണം.
കേംബ്രിജ് എം.ആര്‍.സി. ലബോറട്ടറി ഗവേഷകനായ ഹെന്‍ഡേഴ്സന്‍ 1990-ല്‍ ഈ പരിമിതി മറികടക്കാന്‍ വഴി കണ്ടെത്തി. ക്രയോ സാങ്കേതികവിദ്യ ഉപയോഗിച്ച് ജൈവ തന്മാത്രകളെ അതിശീതാവസ്ഥയിലെത്തിച്ച് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ നിരീക്ഷിച്ചു. അതിശീതാവസ്ഥയിലുള്ള ജൈവ സാംപിളുകള്‍ക്ക് ഇലക്ട്രോണ്‍ പ്രവാഹത്തെ അതിജീവിക്കാന്‍ കഴിഞ്ഞു. പ്രോട്ടീനിന്റെ ത്രിമാനചിത്രം അണുആവൃത്തിയില്‍ പകര്‍ത്താന്‍ ഹന്‍ഡേഴ്‌സനായി.
ന്യൂയോര്‍ക്ക് കൊളംബിയ സര്‍വകലാശാലയിലെ ഫ്രാങ്ക് ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ജൈവ തന്മാത്രകളുടെ ത്രിമാന ഘടന നിര്‍മിച്ചു. ലൂസാന്‍ സര്‍വകലാശാലാ ഗവേഷകനായ ഡുബാഷെ ജൈവ തന്മാത്രാ സാമ്പിളുകളിലെ വെള്ളം പെട്ടെന്ന് തണുപ്പിക്കാനുള്ള വിദ്യ വികസിപ്പിച്ചു. ഈ കണ്ടെത്തലുകള്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകളെ അടിമുടി മാറ്റാന്‍ സഹായിച്ചു.
കോശങ്ങള്‍ക്കുള്ളിലെ പ്രവര്‍ത്തനങ്ങള്‍, വൈറസുകള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവയുടെ അതിസൂക്ഷ്മ ത്രിമാനചിത്രങ്ങള്‍ തുടങ്ങിയവ പുതിയ സാങ്കേതികവിദ്യയില്‍ ലഭ്യമായി. അല്‍ഷിമേഴ്സിന് കാരണമാവുന്ന പ്രോട്ടീനിനെ തിരിച്ചറിഞ്ഞതും ഗര്‍ഭസ്ഥ ശിശുക്കളില്‍ തലച്ചോറിനെ ബാധിക്കുന്ന സികാ വൈറസിനെ പഠിക്കാനായതും ക്രയോ-ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പിയുടെ വന്‍നേട്ടമായി.
October 21
12:53
2017