കുള്ളന്‍ഗ്രഹം ഹാമേയയ്ക്ക് വലയങ്ങള്‍
സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്റ്റിയൂണും കഴിഞ്ഞുള്ള കുഞ്ഞന്‍ ഗ്രഹത്തിന് പ്രകാശവലയങ്ങളുണ്ടെന്ന് കണ്ടെത്തല്‍. സൂര്യനില്‍നിന്ന് എണ്ണൂറുകോടി കിലോമീറ്റര്‍ അകലെയുള്ള കുള്ളന്‍ഗ്രഹം ഹാമേയയ്ക്ക് ശനിയുടേതുപോലുള്ള വലയങ്ങളുണ്ടെന്നാണ് പാരീസ് വാനനിരീക്ഷണകേന്ദ്രം ഗവേഷകര്‍ കണ്ടെത്തിയത്. ശനിയെപ്പോലുള്ള കൂറ്റന്‍ ഗ്രഹങ്ങള്‍ക്കുമാത്രമേ പ്രകാശവലയങ്ങള്‍ ഉണ്ടാവൂ എന്ന ധാരണയാണ് പുതിയകണ്ടെത്തല്‍ തിരുത്തുന്നത്. സൗരയൂഥത്തില്‍ ഇനിയും അറിയപ്പെടാത്ത വൈവിധ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഹാമേയയുടെ വലയങ്ങള്‍ തെളിയിക്കുന്നതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ പാരീസ് നിരീക്ഷണ കേന്ദ്രത്തിലെ ബ്രൂണൊ സിക്കാര്‍ഡി ചൂണ്ടിക്കാട്ടി. കുള്ളന്‍ ഗ്രഹമായ ഹാമേയയെ അമേരിക്കയിലെ പാലോമര്‍ വാനനിരീക്ഷണകേന്ദ്രം ഗവേഷകര്‍ 2004ലാണ് കണ്ടെത്തിയത്. സൂര്യനെ ഒരുതവണ ചുറ്റാന്‍ ഹാമേയ 285 വര്‍ഷമെടുക്കും. തണുത്തുറഞ്ഞ പൊടിപടലങ്ങളാല്‍ നിര്‍മിതമായ എഴുപത് കിലോമീറ്റര്‍ വീതിയുള്ള വലയങ്ങളാണ് കുള്ളന്‍ ഗ്രഹത്തിനുള്ളത്. ജേണല്‍ നേച്ചറിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.