GK News

ഇതാണ്, ഭൂമിയില്‍ ആദ്യംവിരിഞ്ഞ ആ പൂവ്‌

എങ്ങനെയായിരുന്നിരിക്കാം ലോകത്തെ ആ ആദ്യപുഷ്പം? ലോകത്തെ എല്ലാ പുഷ്പങ്ങളുടെയും അമ്മയെന്ന് വിശേഷിപ്പിക്കാവുന്ന പുഷ്പത്തിന്റെ ത്രിമാനമാതൃക പുനഃസൃഷ്ടിച്ചിരിക്കുന്നു ഗവേഷകര്‍. പതിനാലുകോടി വര്‍ഷംമുമ്പ് ഭൂമിയില്‍ പിറന്ന ദ്വിലിംഗ പുഷ്പത്തിന്റെ പ്രധാന സവിശേഷതകള്‍ വ്യക്തമാക്കുന്നതാണ് ആമ്പലിനെ അനുസ്മരിപ്പിക്കുന്ന ആദിമപുഷ്പത്തിന്റെ മാതൃക.
 
ഇന്നുള്ള മൂന്നുലക്ഷം വ്യത്യസ്ത സ്​പീഷിസിലുള്ള പുഷ്പിക്കുന്ന ചെടികള്‍ ഈ ആദിമചെടിയില്‍നിന്ന് പരിണമിച്ചുണ്ടായതാണെന്ന് ഫ്രാന്‍സിലെ പാരീസ്-സുഡ് സര്‍വകലാശാലാ ഗവേഷകര്‍ അവകാശപ്പെടുന്നു.

ആദിമപുഷ്പത്തിന് ആധുനികപൂക്കളെപ്പോലെ പ്രത്യേക ദളങ്ങളും വിദളങ്ങളും ഇല്ല. പകരം, ഇവ രണ്ടുംകൂടി ചേര്‍ന്ന് 'ടെപ്പല്‍' എന്ന ഭാഗമാണുള്ളത്. ഇവ മൂന്ന് അടരുകളായാണുള്ളത്. ഇതിനകത്തായാണ് ആണ്‍, പെണ്‍ പ്രത്യുത്പാദനാവയവങ്ങള്‍. ആദിമപൂവുണ്ടായ ആ സസ്യം ഒരു കുറ്റിച്ചെടിയോ ചെറുമരമോ ആയിരുന്നിരിക്കാം.

ഭൂമിയില്‍ പുഷ്പിതസസ്യങ്ങള്‍ പിറവിയെടുത്തിട്ട് 47 കോടി വര്‍ഷങ്ങളെങ്കിലും ആയിക്കാണുമെന്നാണ് നിഗമനം. എന്നാല്‍, ആദ്യപുഷ്പം എന്നുണ്ടായി എന്നത് ഇന്നും വ്യക്തമല്ല. പുഷ്പിതസസ്യങ്ങളുടെ 14 കോടിവര്‍ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ ലഭ്യമല്ലെന്നതാണ് പ്രശ്‌നം -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഹെര്‍വ് സാക്വെ ചൂണ്ടിക്കാട്ടി.

പുഷ്പമാതൃകയുടെ പുനഃസൃഷ്ടിക്കായി ഗവേഷകര്‍ പുഷ്പിക്കുന്ന ചെടികളുടെ പൂര്‍വികരെന്ന് കരുതുന്ന വംശനാശം സംഭവിച്ച 136 ചെടികളുടെ ഫോസില്‍ പഠനവിധേയമാക്കി. പുഷ്പിക്കുന്ന ചെടികളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ ജനിതകഘടനയും വിശകലനംചെയ്തു.

ആദിമപുഷ്പ പുനഃസൃഷ്ടി ആദ്യകാല പുഷ്പവൈവിധ്യത്തെക്കുറിച്ച് കൂടുതലറിയാന്‍ സഹായകരമാവും. പുഷ്പിതസസ്യങ്ങളുടെ പൂര്‍വികരായ അപുഷ്പിത സസ്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കാന്‍ പുനഃസൃഷ്ടി സഹായിക്കുമെന്ന് ഹെര്‍വ് സാക്വെ പറഞ്ഞു. പുഷ്പിതസസ്യങ്ങളുടെ വികാസമാണ് തേനീച്ചകള്‍പോലുള്ള പുതിയ ഷഡ്പദങ്ങളുടെ പിറവിക്ക് ഇടയാക്കിയിട്ടുണ്ടാവുക.

November 17
12:53 2017

Write a Comment