GK News

സങ്കല്‍പ്പമല്ല, ഒമ്പതാം ഗ്രഹം യാഥാര്‍ഥ്യമെന്ന് നാസ

സൗരയൂഥത്തില്‍ നെപ്റ്റിയൂണും കഴിഞ്ഞ് ഒമ്പതാമതൊരു ഗ്രഹം  മറഞ്ഞിരിക്കുന്നുണ്ടെന്ന് 2014ല്‍ ജേണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകരായ ചാഡ് ട്രുജിലോയും സ്‌കോട്ട് ഷെപ്പേഡും അഭിപ്രായപ്പെട്ടിരുന്നു.  ഗ്രഹത്തെ നേരിട്ടുനിരീക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെറും സങ്കല്‍പ്പം  മാത്രമാണിതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍,  ഒമ്പതാംഗ്രഹം തീര്‍ച്ചയായും നിലനില്‍ക്കുന്നെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ ഉറപ്പിച്ചുപറയുന്നു.
സൗരയൂഥത്തിന്റെ വിദൂരപ്രദേശമായ കുയ്പര്‍മേഖലയ്ക്ക് വെളിയിലാണ് ഭൂമിയുടെ പത്തുമടങ്ങ് വലിപ്പമുള്ള ഗ്രഹം  ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനയുള്ളത്. കുയ്പര്‍ മേഖലയിലുള്ള കുള്ളന്‍ ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ കാണപ്പെടുന്ന അസാധാരണ വ്യതിയാനങ്ങളാണ് വന്‍ഗ്രഹസാന്നിധ്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ ഗ്രഹത്തിന്റെ ഗുരുത്വബലത്തില്‍പ്പെട്ടാണ് കുള്ളന്‍ഗ്രഹങ്ങളുടെ ഭ്രമണപഥം മാറുന്നതെന്ന് കരുതുന്നു.
ഒമ്പതാംഗ്രഹം ഉണ്ടെന്നതിന് അഞ്ചുതരത്തിലുള്ള നിരീക്ഷണ തെളിവുകളുണ്ടെന്ന് കാല്‍ടെക് ഗ്രഹജ്യോതിശ്ശാസ്ത്രജ്ഞന്‍ കോണ്‍സ്റ്റന്റിന്‍ ബാറ്റിജിന്‍ പറയുന്നു. ഒമ്പതാംഗ്രഹം നിലനില്‍ക്കുന്നില്ലെങ്കില്‍ ഈ തെളിവുകള്‍ക്ക് വിശദീകരണം നല്‍കാന്‍ അഞ്ച് വ്യത്യസ്ത സിദ്ധാന്തങ്ങള്‍  അവതരിപ്പിക്കേണ്ടിവരും. ഒമ്പതാം ഗ്രഹത്തെ അന്വേഷിക്കുന്ന സംഘത്തിലെ ബാറ്റിജിന്‍ ചൂണ്ടിക്കാണിക്കുന്നു. കുയ്പര്‍മേഖലയ്ക്ക്   വെളിയിലുള്ള ആറു ക്ഷുദ്രഗ്രഹങ്ങളുടെ  ഭ്രമണപഥത്തിലാണ് വ്യതിയാനം നിരീക്ഷിക്കപ്പെടുന്നത്.
ഹവായ് മൗന കിയ  വാനനിരീക്ഷണകേന്ദ്രത്തിലെ സുബാരു ദൂരദര്‍ശിനി ഉപയോഗിച്ച് ഒമ്പതാം ഗ്രഹത്തെ നേരിട്ടുനിരീക്ഷിക്കാനുള്ള ശ്രമത്തിലാണ് നാസയുടെ സഹായമുള്ള ഗവേഷകസംഘം. പ്ലൂട്ടോയ്ക്ക് ഗ്രഹപദവി നഷ്ടമായതോടെ സൗരയൂഥത്തില്‍ എട്ടുഗ്രഹങ്ങളാണ് നിലവിലുള്ളത്.

November 24
12:53 2017

Write a Comment