അന്യനക്ഷത്ര ക്ഷുദ്രഗ്രഹത്തിന് സിഗരറ്റിന്റെ ആകൃതി
അന്യഗ്രഹ വ്യവസ്ഥയില്‍നിന്ന് സൗരയൂഥത്തില്‍ അതിഥിയായെത്തിയ ക്ഷുദ്രഗ്രഹത്തിന് സിഗരറ്റിന്റെ ആകൃതിയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍. കഴിഞ്ഞ മാസമാണ് ഒമുവാമുവ എന്ന് പേരിട്ടിരിക്കുന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയത്.
നാനൂറ് മീറ്ററാണ് അന്യനക്ഷത്ര ക്ഷുദ്രഗ്രഹത്തിന്റെ നീളം. ഇതിന്റെ പത്തിലൊന്നാണ് വീതി-നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
സൗരയൂഥത്തില്‍ ഇത്തരം ആകൃതിയിലുള്ള ക്ഷുദ്രഗ്രഹത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹവാലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ ഗവേഷകന്‍ കരിന്‍ മീച്ച് പറഞ്ഞു.
അന്യഗ്രഹവ്യവസ്ഥകള്‍ രൂപപ്പെട്ടതെങ്ങനെയെന്ന അന്വേഷണത്തിന്‍ ഒമുവാമുവ നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. സൗരയൂഥം ഉള്‍പ്പെട്ട നക്ഷത്രസമൂഹം ആകാശഗംഗയില്‍ ഒമുവാമുവ കോടിക്കണക്കിന് വര്‍ഷമായി അലഞ്ഞുതിരിയുകയായിരുന്നു. ആദ്യമായാണ് സൗരയൂഥത്തിന് വെളിയില്‍നിന്ന് വന്ന ക്ഷുദ്രഗ്രഹത്തെ ഗവേഷകര്‍ക്ക് നിരീക്ഷിക്കാന്‍ കഴിഞ്ഞത്.
ഒമുവാമുവയെ കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള വാനനിരീക്ഷണകേന്ദ്രങ്ങള്‍ അതിഥിയായെത്തിയ ക്ഷുദ്രഗ്രഹത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള നിരീക്ഷണങ്ങളിലേര്‍പ്പെട്ടിരുന്നു. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ ചിലിയിലെ ദൂരദര്‍ശിനിയടക്കമുള്ളവ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്താണ് ക്ഷുദ്രഗ്രഹത്തിന്റെ ആകൃതി ഗവേഷകര്‍ മനസ്സിലാക്കിയത്.
November 29
12:53
2017