ചെഞ്ചുണ്ടനെ കണ്ടിട്ടുണ്ടോ നിങ്ങള്‍ കേരള തീരത്ത്?
ചെഞ്ചുണ്ടന്‍ പക്ഷിയെ (Red billed Tropic Bird) ആദ്യമായി കേരളത്തിന്‍റെ കടല്‍ത്തീരത്ത് കണ്ടെത്തി. ലക്ഷദ്വീപിലും പരിസരത്തും ഇന്ത്യന്‍ മഹാസമുദ്ര തീരത്തുമാണ് ഇന്ത്യയില്‍ ഈ പക്ഷിയെ കാണാറുള്ളത്.
കാറ്റില്‍ അകപ്പെട്ട് ചിറകിന് പരിക്കേറ്റോ മത്സ്യബോട്ടിന്റെ വലയില്‍ കുടുങ്ങിയോ മുമ്പ് മൂന്നു പ്രാവശ്യം ഈ പക്ഷിയെ കേരള തീരത്ത് കണ്ടെത്തിയിട്ടുള്ളതായി പക്ഷി നിരീക്ഷകര്‍ പറയുന്നു. ലക്ഷദ്വീപ്, മിനിക്കോയ് എന്നിവിടങ്ങളില്‍ നിന്ന് അകന്ന് ഈ പക്ഷി കേരള തീരത്ത് എവിടെയെങ്കിലും എത്തുക അത്യപൂര്‍വ്വമാണ്. അങ്ങനെയെത്തിയതിന് ഇതുവരെ തെളിവുകള്‍ ഇല്ല.
രണ്ടു മാസം മുമ്പ് കോട്ടയം നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി ആലപ്പുഴ തീരത്ത് നടത്തിയ കടല്‍ പക്ഷി സര്‍വേയിലാണ് ചെഞ്ചുണ്ടനെ കാണാന്‍ കഴിഞ്ഞതെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. ബി. ശ്രീകുമാര്‍ പറഞ്ഞു. കടല്‍ തന്നെയാണ് ഈ പക്ഷിയുടെ പ്രധാന വാസസ്ഥലം. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ മാത്രമേ കരയില്‍ എത്തൂ. ആളൊഴിഞ്ഞ ദ്വീപുകളിലോ മലനിരകളിലോ ആയിരിക്കും കൂടുകൂട്ടുക. അതെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നിട്ടില്ല. പക്ഷിയുടെ സ്വഭാവരീതികളെക്കുറിച്ചും കൂടുതല്‍ അറിവില്ല. കടലില്‍ തനിയെയാണ് പക്ഷിയുടെ സഞ്ചാരം. ചിലപ്പോള്‍ മണല്‍ത്തിട്ടയില്‍ കൂട്ടമായി ഇരിക്കാറുണ്ടെന്ന് മാത്രം