GK News

കടുത്ത മഞ്ഞുകാലത്തെ ചീങ്കണ്ണികള്‍ അതിജീവിക്കുന്നത് ഇങ്ങനെയാണ്

മീപകാലത്തുണ്ടായതില്‍വെച്ച് ഏറ്റവും രൂക്ഷമായ തണുപ്പുകാലമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തവണ അനുഭവപ്പെടുന്നത്. അമേരിക്കയും കാനഡയും അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ഏറെക്കുറെ തണുത്തുറഞ്ഞ അവസ്ഥയിലാണ്. അമേരിക്കയില്‍ അനുഭവപ്പെടുന്ന കടുത്ത തണുപ്പിന്റെ രൂക്ഷത വെളിവാക്കുന്നതാണ് നോര്‍ത്ത് കരോനിലയിലെ ഷാലോട്ട് റിവര്‍ സ്വാമ്പ് പാര്‍ക്ക് പുറത്തുവിട്ട ഈ  ദൃശ്യം.

തണുത്തുറഞ്ഞ്, ഉപരിതലം മഞ്ഞു പാളികളാല്‍ മൂടിയ ഷാലോട്ട് റിവര്‍ സ്വാമ്പ് പാര്‍ക്കിലെ തടാകത്തിന്റെ ദൃശ്യമാണ് അത്. തടാകത്തില്‍ മഞ്ഞു പാളിക്കു മുകളിലൂടെ പുറത്തേയ്ക്ക് തല നീട്ടി നിശ്ചലനായി വെള്ളത്തില്‍ കിടക്കുന്ന ചീങ്കണ്ണിയെ വീഡിയോയില്‍ കാണാം. തണുത്തുറഞ്ഞ് നിശ്ചലമായ പശ്ചാത്തലത്തില്‍ ഒരു നിശ്ചല ദൃശ്യംപോലെ കാണപ്പെടുന്ന ചീങ്കണ്ണി കടുത്ത തണുപ്പിനെ പ്രതിരോധിക്കാനും ജീവന്‍ നിലനിര്‍ത്താനുമുള്ള അതിന്റെ സഹജവാസന പ്രകടമാക്കുകയാണ്.

സാധാരണ ഗതിയില്‍ ഈ അമേരിക്കന്‍ ചീങ്കണ്ണികള്‍ക്ക് -40 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള തണുപ്പിനെ അതിജീവിക്കാനാകും. ഇത്തരം തണുപ്പുകാലങ്ങളില്‍ ഒരുതരം ശീതകാല നിദ്രയിലായിരിക്കും ചീങ്കണ്ണികള്‍. അപ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പതുക്കെയാകുകയും ശ്വാസം പോലും മന്ദഗതിയിലാവുകയും ചെയ്യും. ഇടയ്ക്ക് ജലോപരിതലത്തില്‍ മൂക്ക് അടക്കമുള്ള തലയുടെ ഭാഗം അല്‍പം ഉയര്‍ത്തി ശ്വസിക്കുകയാണ് അവ ചെയ്യുക.

ഈ വീഡിയോയിലുള്ള ചീങ്ങണ്ണി തലയുടെ വലിയൊരു ഭാഗം ജലോപരിതലത്തില്‍ ഉയര്‍ത്തി ജലത്തില്‍ കിടക്കുകയാണ്. ചീങ്കണ്ണികള്‍ക്കു പോലും അതിജീവനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരമൊരു ശൈത്യം നോര്‍ത്ത് കരോനിലയില്‍ പതിവുള്ളതല്ലെന്ന് വന്യജീവി പാര്‍ക്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. 

കിഴക്കന്‍ അമേരിക്കയിലും കാനഡയിലും  കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷോഷ്മാവാണ് ഇത്തവണ ഇവിടങ്ങളിലില്‍ ഉള്ളത്. കാനഡയില്‍ പലയിടത്തും -50 ഡിഗ്രി സെല്‍ഷ്യസിന് അടുത്തുകൊണ്ടിരിക്കുകയാണ് അന്തരീക്ഷോഷ്മാവ്. അമേരിക്കയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും -42 ഡിഗ്രി സെല്‍ഷ്യസ് ആണ് ഊഷ്മാവ്. പല എയര്‍പോര്‍ട്ടുകളും മഞ്ഞുറഞ്ഞ് മരവിച്ചുകിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

January 29
12:53 2018

Write a Comment