GK News

'ഓള്‍ഡന്‍ലാന്‍ഡിയ വാസുദേവാനി': വംശനാശഭീഷണി നേരിടുന്ന അപൂര്‍വ സസ്യയിനം നെല്ലിയാമ്പതിയില്‍ കണ്ടെത്തി

കാപ്പി, തെച്ചി ചെടികളുടെ കുടംബത്തിലെ (റൂബിയെസിയെ) വംശനാശഭീഷണി നേരിടുന്ന ഇത്തിരിക്കുഞ്ഞനെ നെല്ലിയാമ്പതി മലനിരകളില്‍ കണ്ടെത്തി. നെല്ലിയാമ്പതിയിലെ കാരാസൂരി മേഖലയിലാണ് 'ഓള്‍ഡന്‍ലാന്‍ഡിയ വാസുദേവാനി' എന്ന് പേരിട്ട സസ്യയിനം കണ്ടെത്തിയത്. സസ്യശാസ്ത്രജ്ഞനും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബോട്ടണിവിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. ആര്‍. വാസുദേവന്‍നായരുടെ പേരാണ് സസ്യത്തിന് ആദരസൂചകമായി നല്‍കിയിട്ടുള്ളത്.

അന്താരാഷ്ട്ര ടാക്‌സോണമി ജേണല്‍ ഫൈറ്റോടാക്‌സയുടെ ഏപ്രില്‍ 21ന്റെ ലക്കത്തില്‍ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം എന്‍വയോണ്‍മെന്റല്‍ റിസോഴ്‌സസ് ഗവേഷണകേന്ദ്രത്തിലെ സസ്യശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഗവേഷക എം. സൗമ്യയുടേതാണ് ഗവേഷണപ്രബന്ധം.

അന്പതുമുതല്‍ നൂറ് മില്ലീമീറ്റര്‍വരെമാത്രം ഉയരംവരുന്ന ശാഖകളോടുകൂടിയ സസ്യയിനമാണ് കണ്ടെത്തിയത്. . സമുദ്രനിരപ്പില്‍നിന്ന് 1,260 മീറ്റര്‍ ഉയരത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്ന പാറകള്‍ക്കിടയിലാണ് വളരുന്നത്. നൈട്രജന്റെ അംശം സാധാരണയിലും വളരെ കുറവുള്ള മണ്ണിലാണ് ഇവ കാണപ്പെട്ടത്. വയലറ്റ് കലര്‍ന്ന വെള്ളപ്പൂക്കളാണ്. ജൂലായ് മുതല്‍ സെപ്റ്റംബര്‍വരെയാണ് പൂക്കാലം. ഓഗസ്റ്റ് മുതല്‍ ഒക്ടോബറിനകം ചെറിയ ഫലങ്ങളും ഉണ്ടാവും.

2015 ഓഗസ്റ്റിലാണ് നിരീക്ഷണം നടന്നത്. 'കൊല്ലങ്കോട് വനംറേഞ്ചിലെ സസ്യവൈവിദ്ധ്യം' എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഗവ. വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര ഗവേഷണകേന്ദ്രം വകുപ്പധ്യക്ഷ മായ സി.നായരുടെ നേതൃത്വത്തിലായിരുന്നു പഠനം. പശ്ചിമഘട്ട മലനിരകളുടെ തെക്കന്‍ വാലറ്റമാണിവിടം. അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സോജന്‍ ജോസ്, ഡോ. വി. സുരേഷ് എന്നിവരുള്‍പ്പെട്ടതായിരുന്നു പഠനസംഘം.

1974ല്‍ മലമ്പുഴ അണക്കെട്ടിനടുത്ത് 'ഓള്‍ഡന്‍ലാന്‍ഡിയ ഹൈഗ്രോഫില' ഇനത്തിലെ സസ്യവര്‍ഗത്തെ പ്രൊഫ. ആര്‍. വാസുദേവന്‍നായര്‍ കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയമായി പരിശോധിക്കാന്‍ അയച്ചുനല്‍കിയെങ്കിലും ഡച്ച് സസ്യശാസ്ത്രജ്ഞനായ സി.ഇ.ബി. ബ്രെംക്യാംപ് എന്ന ഗവേഷകന്റെ പേരില്‍ ഈ സസ്യയിനത്തെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. സസ്യയിനം ശേഖരിച്ചത് ആര്‍. വാസുദേവന്‍നായരാണെന്ന പരാമര്‍ശംമാത്രമാണ് ലേഖനത്തിലുണ്ടായിരുന്നത്.

February 05
12:53 2018

Write a Comment