GK News

ചെറുപുഴയുടെപേരില്‍ പുഷ്പിതസസ്യം; പേര് ലെജിനാന്‍ട്ര ചെറുപുഴീക്ക

ജലശുദ്ധീകരണത്തിലെ പ്രധാനികളായ കൂവ വിഭാഗത്തില്‍ നിന്നൊരു പുതിയ പുഷ്പിതസസ്യം. ഇവയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന പ്രദേശത്തിന്റെ പേരിട്ടു, ലെജിനാന്‍ട്ര ചെറുപുഴീക്ക. വേനല്‍ക്കാലത്ത് വറ്റിപ്പോകുന്ന ചെറിയതോടുകളിലും പുഴകളിലും വളരുന്ന സസ്യമാണിത്.

കാസര്‍കോട് ഗവ. കോളേജിലെ പി. ബിജു, തലശേരി ബ്രണ്ണന്‍ കോളേജിലെ ഇ.ജെ. ജോസ്‌കുട്ടി, പാലാ സെയ്ന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ. ജോമി അഗസ്റ്റിന്‍, ജാന്‍മിവി ബാസ്റ്റിനീജര്‍ എന്നിവരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലാ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

ചേമ്പ്, താള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അരേസിയ കുടുംബത്തില്‍ നിന്നാണ് പുതിയ സസ്യത്തിന്റെ വരവ്. ജലശുദ്ധീകരണത്തില്‍ പ്രധാനികളാണ് ഇവ. കേരളത്തില്‍ ആറ് സ്​പീഷീസുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് പി. ബിജു പറഞ്ഞു.

ചെങ്കല്‍ക്കുന്നുകളില്‍നിന്ന് ഒഴുകിവരുന്ന ചെറിയ തോടുകളിലാണ് ഇവ വളരുന്നത്. മഴക്കാലത്ത് വെള്ളത്തിനടിയിലായിരിക്കും. വേനലിലാണ് ഇവ പുഷ്പിക്കുക. പിങ്ക് നിറത്തിലുള്ളതാണ് പൂക്കള്‍. ഒരുപാടുകാലം ജീവിക്കുന്ന സസ്യമാണിത്.

March 14
12:53 2018

Write a Comment