GK News

പശ്ചിമഘട്ടത്തില്‍നിന്ന് പുതിയ സസ്യം കണ്ടെത്തി

പശ്ചിമഘട്ട മലനിരകളില്‍നിന്ന് പുതിയ സസ്യം കണ്ടെത്തി. 'ഫിംബ്രിസ്‌റ്റൈലിസ് അഗസ്ത്യമലയന്‍സിസ്' എന്ന് പേരിട്ടിരിക്കുന്ന ഈ സസ്യത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഡോ. എ.ആര്‍. വിജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.എസ്. പ്രീത എന്നിവര്‍ ചേര്‍ന്നാണ് കണ്ടെത്തിയത്.

അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമായ പൊന്‍മുടി വനമേഖലയിലെ സീതക്കുളത്ത്, സമുദ്രനിരപ്പില്‍നിന്ന് 795 മീറ്റര്‍ ഉയരത്തിലായാണ് ഇവയെ കണ്ടെത്തിയത്.

ന്യൂസീലന്‍ഡില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഫൈറ്റോടാക്‌സ' എന്ന അന്താരാഷ്ട്ര ജേണലിന്റെ മാര്‍ച്ച് ലക്കത്തില്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചതുപ്പുനിലങ്ങള്‍ക്ക് സമാനമായ പ്രദേശത്താണ് പുതിയ സസ്യം കണ്ടെത്തിയതെന്ന് ഡോ. വിജിയും ഡോ. പ്രീതയും അറിയിച്ചു. വിനോദസഞ്ചാര മേഖലയായ പൊന്‍മുടിയിലെ ജനത്തിരക്കും ഈ സസ്യം അന്യം നിന്നുപോകാന്‍ കാരണമായേക്കാം. അതിനാല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ നിയമാവലിക്കനുസൃതമായി ഈ പുതിയ സസ്യത്തെ ഗുരുതരമായ വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഫിംബ്രിസ്‌റ്റൈലിസ് അഗസ്ത്യമലയന്‍സിസ്

'സൈപറേസിയേ' എന്ന സസ്യകുടുംബത്തിലെ അംഗമാണ് ഫിംബ്രിസ്‌റ്റൈലിസ് അംഗസ്ത്യമലയന്‍സിസ്. സെഡ്ജ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഈ സസ്യങ്ങളില്‍ ചിലത് ഔഷധനിര്‍മാണത്തിനും മറ്റുചിലത് കന്നുകാലികളുടെ തീറ്റയായും ഉപയോഗിക്കുന്നതാണ്. സസ്യസമ്പത്തിനെക്കുറിച്ചുള്ള ആഗോള പരിസ്ഥിതി പഠനത്തിലും ഇവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.

April 13
12:53 2018

Write a Comment