GK News

വര്‍ഷത്തിൽ ഒരിക്കല്‍ ആണിനേയും ചുമന്ന് അവൾ വരുന്നു വംശം നിലനിര്‍ത്താനായി... പാതാള തവളകൾ ..

1200 ലക്ഷം വര്‍ഷം മുമ്പ് ഉണ്ടായത് എന്ന് കരുതപ്പെടുന്ന,  കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പാതാളത്തവളകൾ വര്‍ഷത്തിൽ ഒരിക്കല്‍ മാത്രമേ മണ്ണിൻെറ അടിയില്‍ നിന്നും പുറത്തുവരൂ, അതും പ്രജനനത്തിനായി മണ്‍സൂണിന് മുമ്പുള്ള മഴക്കാലത്ത്. വേനലില്‍ വറ്റി, പുതുമഴയില്‍ പുനര്‍ജനിക്കുന്ന നീരൊഴുക്കിനു വേണ്ടി വർഷത്തിലെ 364 ദിവസവും മണ്ണിൻെറ അടിയില്‍ 1.5 മീറ്റര്‍ വരെ ആഴത്തിൽ കാത്തിരിക്കുന്ന പാതാളത്തവളകൾ മേയ് പകുതിക്കു ശേഷമേ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ. ഇണയെ ആകര്‍ഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ഈ സമയത്ത് ആദ്യം തുടങ്ങുക. കരച്ചില്‍ കേട്ട് എത്തുന്ന പെൺതവള ആണിനേയും ചുമന്ന് കൊണ്ട് തുരങ്കത്തിലൂടെ മണ്ണിന് മുകളിലേക്ക് വരും. ഉള്ളില്‍ 2000 മുതല്‍ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളില്‍ ആണ്‍തവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. 7 ദിവസംകൊണ്ട് മുട്ടകള്‍ വിരിഞ്ഞ് രൂപപ്പെടുന്ന വാല്‍മാക്രികൾ 110 ദിവസംകൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തി അന്നു തന്നെ മണ്ണിനടിയിലേക്കു പോകും. പിന്നീട് ഒരു വർഷം കഴിഞ്ഞേ വംശം നിലനിര്‍ത്താൻ ഇണയുമായി ഇവ പുറത്തു വരൂ. ചിതൽ പ്രധാന ആഹാരമായ പാതാളത്തവളയിലെ ആണിന് 5 സെൻറീമീറ്ററും, പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ലണ്ടൻ സുവോളജിക്കല്‍ സൊസൈറ്റിയുടെ, വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയില്‍ 3മത്തെ സ്ഥാനക്കാരായ നാസിക്കാബട്ടറാക്കസ് സഹ്യാദ്രന്‍സ് എന്ന ശാസ്ത്ര നാമമുള്ള പാതാളത്തവള പുറത്തു വരുന്ന ദിവസം മഴ പെയ്യുന്നു എന്നത് ഗവേഷകര്‍ക്ക് ഇപ്പോഴും വിസ്മയമുളവാക്കുന്ന കാര്യമാണ്. 
കേരളത്തില്‍ എല്ലായിടത്തും കാണപ്പെടുന്ന അപൂര്‍വ ഇനം തവളയാണ് പാതാളത്തവള. ശാസ്ത്രനാമം–Nasikabatrachus sahyadrensis അപൂര്‍വം എന്നു പറയുമ്പോള്‍ എണ്ണത്തില്‍ കുറവാണെന്നു ധരിക്കരുത്. മഴക്കാലത്ത് ഇവ ഉള്ള സ്ഥലത്തു ചെന്നാല്‍ ആയിരക്കണക്കിന് തവളകള്‍ ഒരുമിച്ചു കരയുന്നതു കേള്‍ക്കാം. പക്ഷേ, സ്വഭാവം കൊണ്ട് ഇവയെ കാണാന്‍ കിട്ടാറില്ല. മിക്കവാറും മണ്ണിനടയിലായിരിക്കും– അതുകൊണ്ട് അപൂര്‍വം എന്നു വിളിക്കാം. പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

ബന്ധുക്കള്‍ ആഫ്രിക്കയില്‍
ആഫ്രിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ്‌ രാഷ്ട്രമായ സീഷെൽസിലുള്ള സൂഗ്ലോസ്സിഡെ എന്നയിനം തവളകള്‍ ഇവയുടെ അടുത്ത ബന്ധുക്കളാണ്. കടലിലൂടെയോ ആകാശത്തിലൂടെയോ സഞ്ചരിക്കാന്‍ കഴിയാത്ത ഈ ഉഭയജീവികളുടെ വരവ് കരയിലൂടെ തന്നെയാകണം എന്ന് അനുമാനിക്കാം. അതുകൊണ്ടുതന്നെ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്നാ ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളിൽ ഒന്നായി പാതാള തവളയെ കണക്കാക്കുന്നു. 
വര്‍ഷത്തില്‍ ഒരു വരവ്
മണ്ണിനടിയിൽ ഇരുന്നു കൊണ്ട് മഴയുടെ അളവും അരുവിയിലെ ജലത്തിന്റെ അളവും ഒക്കെ ഇവ കൃത്യമായി മനസ്സിലാക്കും. മുട്ടയിടാന്‍ സാഹചര്യങ്ങളെല്ലാം സജ്ജമായി എന്നു മനസ്സിലായാല്‍ മണ്ണിനടിയില്‍ നിന്നു പുറത്തുവന്ന് മുട്ടകളിടും. ഒരു സമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. മുട്ടയിട്ട ശേഷം തിരിച്ച് മണ്ണിനടിയിലേക്കു മടങ്ങും. പിന്നെ അടുത്ത കൊല്ലം മുട്ടയിടാന്‍ മാത്രമേ പുറത്തുവരൂ. 

ഒരാഴ്ചയ്ക്കുള്ളില്‍ മുട്ടകൾ വിരിഞ്ഞു സക്കർ മീനുകളെ പോലെ ഒഴുക്കുള്ള വെള്ളത്തിൽ പറ്റിപ്പിടിച്ചു നിൽക്കാന്‍ സാധിക്കുന്ന വാൽമാക്രികൾ ആകും. ഈ സമയത്തിനുള്ളിൽ വലിയ മഴ പെയ്താൽ മുട്ടകൾ മുഴുവൻ നശിച്ചു പോകും. അതുപോലെ തന്നെ മഴ വൈകിയാലും ചൂടിൽ മുട്ടകൾ വരണ്ടുണങ്ങിപ്പോകും. 100–110 ദിവസങ്ങൾക്കുളിൽ വാൽമാക്രികൾ വിരിഞ്ഞു തവളക്കുഞ്ഞുങ്ങള്‍ ആയി അവയും മണ്ണിനടിയിലേക്കു പോകും. IUCN (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പ് പട്ടികപ്രകാരം Endangered വിഭാഗത്തിൽ ഉള്ള ഇവ നേരിടുന്ന ഭീഷണികൾ പലതാണ്. ആവാസവ്യവസ്ഥയുടെ നാശം ഇവയെ സാരമായി ബാധിക്കുന്നു. പുറത്തിറങ്ങുന്ന തവളകൾ ഇപ്പോൾ വാഹനങ്ങൾ കയറി ചാകുന്നതു സാധാരണ സംഭവമായിരിക്കുന്നു. അരുവികളിലെമാലിന്യങ്ങള്‍, കൃഷിയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന രാസവളങ്ങളും കീടനാശിനികളും, കാലാവസ്ഥാ വ്യതിയാനം, ഔഷധഗുണമുണ്ടെന്ന പേരില്‍ നടക്കുന്ന വേട്ട ഇവയെല്ലാം പാതാള തവളകളുടെ നാശത്തിനു കാരണമാകുന്നുണ്ട്...

കടപ്പാട്: നാരായം

June 16
12:53 2018

Write a Comment