വംശമറ്റെന്ന് കരുതിയിരുന്ന ചിലന്തികളെ വയനാട്ടിൽ കണ്ടെത്തി.
വംശമറ്റുവെന്ന് കരുതിയ അപൂർവയിനം ചിലന്തിയെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ആൺ-പെൺ ചിലന്തികളെ കണ്ടെത്തിയത്.
1868-ൽ ജർമനിയിലെ ബെർലിൻ സുവോളജിക്കൽ മ്യൂസിയത്തിലെ ഗവേഷകൻ ഡോ. ഫെർഡിനാന്റ് ആന്റൺ ഫ്രാൻസ് കാർഷ്, ഗുജറാത്തിലെ പാരിയേജ് വന്യജീവിസങ്കേതത്തിൽനിന്ന് ഒരു ആൺചിലന്തിയെ കണ്ടെത്തിയിരുന്നു. അതിനുശേഷം ഈ ഇനത്തെ ആരും കണ്ടിട്ടില്ലാത്തതിനാൽ വംശനാശം വന്നു എന്നാണ് കരുതിയിരുന്നത്.
ചാട്ടചിലന്തി കുടുംബത്തിൽ വരുന്ന ഇതിന്റെ ശാസ്ത്രനാമം ക്രൈസിലവോളുപസ് എന്നാണ്. പെൺചിലന്തിയുടെ തലയുടെ മുകൾഭാഗം നീലശൽക്കങ്ങൾകൊണ്ട് പൊതിഞ്ഞിട്ടുണ്ട്. വശങ്ങളിൽ ഓറഞ്ചു നിറത്തിലുള്ള രോമങ്ങളും അടിഭാഗത്ത് വെള്ളവരകളുമുണ്ട്.
വയറിന്റെ മുകൾഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലർന്നതാണ്. കറുത്തനിറത്തിലുള്ള എട്ടുകണ്ണുകൾ തലയുടെ മുന്നിലും വശങ്ങളിലും കാണുന്നു. കണ്ണുകൾക്ക് ചുറ്റും മുകളിലായി ചുവന്നനിറത്തിലുള്ള കൺപീലികളും താഴെ വെളുത്തകൺപീലികളും കാണാം. പെൺചിലന്തിയെ അപേക്ഷിച്ച് ആൺചിലന്തിയുടെ ശരീരം മെലിഞ്ഞതാണ്.
ഓറഞ്ച്നിറത്തിലുള്ള തലയുടെ മുകൾഭാഗത്തായി നീലനിറത്തിലുള്ള രണ്ടുവരകളുണ്ട്. ഉദരഭാഗം ഓറഞ്ചും നീലയും ഇടകലർന്നതാണ്. കാലുകൾ തിളങ്ങുന്ന നീലനിറത്തിലുള്ളതാണ്. കുറ്റിച്ചെടികളുടെ ഇലകൾ ചേർത്തുവെച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. സാധാരണയായി പെൺചിലന്തികൾ അഞ്ചോ ആറോ മുട്ടകളിടുന്നു.
ദേശീയ ശാസ്ത്രസാങ്കേതികവകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാറിന്റെ നേതൃത്വത്തിൽ എട്ടുവർഷമായി നടത്തുന്ന പഠനത്തിൽ, കൊൽക്കത്ത സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോൺ കാലേബ്, ബെംഗളൂരു നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസിലെ ഗവേഷകരായ രാജേഷ് സനപ്, കൗശൽ പട്ടേൽ, ക്രൈസ്റ്റ് കോളേജിലെ ഗവേഷണ വിദ്യാർഥികളായ സുധിൻ പി.പി., കെ.എസ്. നഫിൻ എന്നിവർ പങ്കാളികളായി.
ഈ കണ്ടുപിടിത്തം റഷ്യയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ആർത്രോപോഡാ സെലെക്ട എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.