എവറസ്റ്റിലെ 'ഹിലാരിപ്പടി' ഇനി ചരിത്രം
ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലേക്കുള്ള കയറ്റത്തിലെ അവസാനത്തെ വലിയ കടമ്പയായ വലിയ പാറക്കെട്ട് ഇടിഞ്ഞുവീണു. 1953-ല്‍ എവറസ്റ്റ് ആദ്യമായി കീഴടക്കിയ സംഘത്തിലെ എഡ്മണ്ട് ഹിലാരിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന 'ഹിലാരി സ്റ്റെപ്പ്' (ഹിലാരിപ്പടി) ആണ് ഇല്ലാതായത്. 2015-ല്‍ നേപ്പാളിനെ കീഴ്‌മേല്‍ മറിച്ച ഭൂകമ്പത്തിലാണ് ഇത് തകര്‍ന്നുവീണതെന്ന് കരുതുന്നു.
\എവറസ്റ്റിന്റെ തെക്കുകിഴക്കേ ശിഖരത്തിലായിരുന്നു 12 മീറ്റര്‍ കുത്തനെയുള്ള ഹിലാരിപ്പടി. ഇതില്ലാതായതോടെ എവറസ്റ്റ് കയറ്റം കൂടുതല്‍ അപകടകരമായിമാറിയെന്ന് ബ്രിട്ടീഷ് പര്‍വതാരോഹകന്‍ ടിം മോസ്‌ഡേല്‍ പറഞ്ഞു. മേയ് 16-ന് എവറസ്റ്റ് കയറിമടങ്ങിയ ഇദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഹിലാരിപ്പടിയില്ലാതായ കാര്യം അറിയിച്ചത്. 'ഒരു യുഗാന്ത്യം' എന്നാണ് ഇദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ മേയില്‍ അമേരിക്കന്‍ ഹിമാലയന്‍ ഫൗണ്ടേഷനിലെ പര്‍വതാരോഹകര്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ 'ഹിലാരിപ്പടി'യുടെ രൂപം മാറിയതായി വ്യക്തമായിരുന്നു. മഞ്ഞുവീഴ്ചകൊണ്ടാണിതെന്നാണ് അന്ന് കരുതിയിരുന്നത്. ഇത്തവണ മഞ്ഞുവീഴ്ച കുറഞ്ഞ സമയത്ത് നടത്തിയ യാത്രയിലാണ് തകര്‍ച്ച സ്ഥിരീകരിച്ചത്.