അരുണാചലിൽനിന്ന് പുതിയൊരു പൂച്ചെടി.
കാലിക്കറ്റ് സർവകലാശാലയിലെ സസ്യശാസ്ത്ര ഗവേഷകർ അരുണാചൽ പ്രദേശിലെ വനമേഖലയിൽനിന്ന് പുതിയൊരു പൂച്ചെടി കണ്ടെത്തി. ഏഷ്യയിൽ കാണപ്പെടുന്ന സപുഷ്പിത സസ്യജനുസായ ഡിസ്പോറയിൽ ഉൾപ്പെട്ട ലില്ലി കുടുംബത്തിലുള്ളതാണ് ഈ മനോഹര വനസസ്യം. ഡിസ്പോറം മിഷ്മിയൻസിസ് (Disporum mishmiensis) എന്ന് പേരുംനൽകി.
കാലിക്കറ്റിലെ ബോട്ടണിവിഭാഗം പ്രൊഫ. ഡോ. എം. സാബുവും ഗവേഷകനായ വി.എസ്. ഹരീഷും ചേർന്ന് നടത്തിയ കണ്ടെത്തലും പഠനങ്ങളും നെതർലാൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ബ്ലൂമിയ (blumea)യയുടെ ഓഗസ്റ്റ് ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി വാഴ, ഇഞ്ചി വർഗങ്ങളുടെ ശേഖരണത്തിനുള്ള യാത്രക്കിടെയാണ് പുതിയ ചെടി ഇവരുടെ കണ്ണിൽപ്പെട്ടത്.
അമേരിക്കയിലെ മിസൗറി സസ്യോദ്യാനത്തിലുള്ള എ. ഫ്‌ളോഡനും ഇവർക്കൊപ്പമുണ്ടായിരുന്നു.
അരുണാചൽപ്രദേശിലെ ലോഹിത് ജില്ലയിൽ സമുദ്രനിരപ്പിൽനിന്ന് 1500 മീ. ഉയരത്തിലുള്ള നിത്യഹരിതവന മേഖലയായ തൊഹാങം ഭാഗത്താണ് പൂച്ചെടി കണ്ടത്. മ്യാൻമാറിനോട് ചേർന്നുകിടക്കുന്ന അരുണാചലിലെ മിഷ്മി കുന്നുകളുമായും ഇവിടുത്തെ മിഷ്മി ഗോത്രവർഗത്തെയും ബന്ധപ്പെടുത്തി പേരു നൽകുകയായിരുന്നു.
ഒന്നരമീറ്റർവരെ ഉയരത്തിൽ ബഹുശാഖകളായി വളരുന്ന ഇവയ്ക്ക് ലില്ലിപ്പൂക്കളോട് സമാനതയുള്ള പിങ്ക് നിറത്തിലുള്ള പൂക്കളുണ്ട്.