മുട്ടയിടാൻ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്ന ജീവി
ജന്തുക്കളിൽ ആയുർദൈർഘ്യത്തിൽ മുൻപന്തിയിലാണ് കടലാമകൾ. ചിലതിന് നൂറിലേറെ വർഷം ആയുസുണ്ടാവും.
കടലാമകൾ മുട്ടയിടാൻ വേണ്ടി ആയിരക്കണക്കിന് കിലോമീറ്റർ നീന്തി അവ ജനിച്ച സ്ഥലത്തു തന്നെ തിരിച്ചുവരുന്നു. ഇവ സമുദ്രതീരത്തെ മണലിൽ കുഴികളുണ്ടാക്കി അവയിലാണ് മുട്ടയിടുന്നത്.
കടലാമകൾക്ക് ബാഹ്യ കർണമില്ല. അവയുടെ ചർമത്തിൽ ആന്തരിക കർണങ്ങളുടെ അസ്ഥികളുണ്ട്. ഇവ ചുറ്റുപാടുമുള്ള ചലനങ്ങൾ, താഴ്ന്ന തരംഗത്തിലുള്ള ശബ്ദങ്ങൾ എന്നിവ സ്വീകരിച്ച് ആമകൾക്ക് ശ്രവണത്തിനു സഹായിക്കുന്നു. പച്ച കടലാമകൾക്ക് (Green Turtles) വെള്ളത്തിനടിയിൽ മണിക്കൂറുകളോളം അന്തരീക്ഷവായു സമ്പർക്കമില്ലാതെ കഴിയുവാൻ സാധിക്കുമത്രേ. ഇത് സാധ്യമാക്കാൻ ആമകൾ തങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നു. ഈ അവസരത്തിൽ ഓരോ ഹൃദയമിടിപ്പിന്റെയും ദൈർഘ്യം ഒൻപതു മിനിറ്റുകളായിരിക്കും. ഇത്തരത്തിൽ ഹൃദയമിടിപ്പ് കുറയ്ക്കുമ്പോൾ ആമകൾക്ക് ഓക്സിജൻ നിലനിർത്താൻ സാധിക്കും.
കടലാമകളുടെ പുറംതോട് 60 അസ്ഥികൾ ചേർന്ന് രൂപപ്പെട്ടിരിക്കുന്നു. മനുഷ്യരുടെ നഖങ്ങൾ രൂപം കൊണ്ടിരിക്കുന്നത് കെരാറ്റിൻ എന്ന പദാർഥം കൊണ്ടാണ്. ആമകളുടെ പുറംതോടും നിർമിക്കപ്പെട്ടിരിക്കുന്നത് കെരാറ്റിൻ കൊണ്ടുതന്നെയാണ്.
October 09
12:53
2018