GK News

തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാൽ !!

കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തുന്ന സസ്തനിയാണു വവ്വാൽ. പക്ഷികളെപ്പോലെ നന്നായി പറക്കാൻ കഴിയുന്ന സസ്തനിയും വവ്വാൽ ആണ്. തൂവൽ ചിറകുകളൊന്നും ഇല്ല. കൈ വിരലുകൾക്കിടയിലും ശരീരത്തിലുമായുള്ള നേർത്ത സ്തരം പറക്കാനുള്ള അനുകൂലനമായി(adaptation) മാറിയതാണ്. കടവാതിൽ, വാവൽ. നരിച്ചീറ്. പാർകാടൻ, പാറാടൻ തുടങ്ങി പലപേരുകൾ ഇവരെ വിളിക്കാറുണ്ട്. പറക്കാനുള്ള കഴിവുകാരണം കൊടും തണുപ്പും ചൂടും ഉള്ള സ്ഥലങ്ങളിൽ ഒഴികെ എല്ലായിടങ്ങളിലും കാണുന്ന ഏക സസ്തനി വവ്വാലുകളാണ്. ലോകത്ത് ആകെയുള്ള സസ്തനി ഇനങ്ങളുടെ 20% വവ്വാൽ ഇനങ്ങളാണ്.
പറക്കാൻ കഴിയും എന്നൊക്കെ പറയാമെങ്കിലും പക്ഷികളെപ്പോലെ നിന്ന നിൽപ്പിൽ ചിറകുകൾ വീശി ശരീരത്തെ ഉയർത്താനുള്ള കഴിവ് വവ്വാലുകൾക്കില്ല. ഹെലികോപ്റ്റർ പൊങ്ങും പോലെ നിലത്തു നിന്ന് ഉയരാനുള്ള കഴിവുമില്ല. ഓടി വേഗം കൂട്ടി അതിന്റെ സഹായത്തോടെ പറന്നു പൊങ്ങാൻ പറ്റുന്ന കരുത്തുള്ള കാലുകളും ഇല്ല. സൈക്കിൾ ബാലൻസ് ആകാത്തവർ ഇറക്കത്തിൽ നിർത്തി കയറുന്ന സൂത്രമാണ് വവ്വാലും പ്രയോഗിക്കുന്നത്. തൂങ്ങിക്കിടപ്പിൽ കാൽ കൊളുത്ത് വിടുവിച്ച് താഴേക്കുള്ള വീഴ്ചയിൽ പറക്കാനുള്ള വേഗം ആർജിക്കും. 
നിലത്തു വീണുപോയ വവ്വാലിനു പറക്കണമെങ്കിൽ ഇത്തിരി ഉയരത്തിലേക്കു പിടിച്ചു കയറണം. കൈകൾ സ്വതന്ത്രമായുള്ള തൂങ്ങിക്കിടപ്പിനിടയിൽ ശത്രു ആക്രമണം ഉണ്ടെന്ന സൂചനകിട്ടിയാൽ നിമിഷം കൊണ്ട് പറന്നു രക്ഷപ്പെടാൻ ഈ കിടപ്പ് സഹായിക്കും.

October 13
12:53 2018

Write a Comment