GK News

വിലപിടിപ്പുള്ള ഒരു ‘നിധി’

മ്യാന്‍മറിൽ നിന്ന് ലഭിച്ച ഒരു കുന്തിരിക്കപ്പശ(amber)യ്ക്കകത്ത് യാതൊരു കുഴപ്പവും പറ്റാതെ ലഭിച്ചിരിക്കുന്നത് 9.9 കോടി വർഷം പഴക്കമുള്ള ഒച്ചിന്റെ ശരീരമാണ്. ഇതോടൊപ്പം തന്നെ ചെറിയ കേടുപാടുകളുള്ള മറ്റൊരു ഒച്ചിന്റെ ശരീരവും ലഭിച്ചു. ഒച്ചിന്റെ പുറന്തോടിനു പോലുമില്ല ഒരു പ്രശ്നവും. ഇത്തരത്തിൽ കോടിക്കണക്കിനു വർഷം പഴക്കമുള്ള ഒച്ചിന്റെ പുറന്തോട് ഇതാദ്യമായാണു ലഭിക്കുന്നതും.
 ടി–റെക്സ്, വെലോസിറാപ്റ്റർ തുടങ്ങിയ ‘പ്രശസ്ത’ ദിനോസറുകളുടെ കാലത്താണ് ഈ ഒച്ചുകളും ജീവിച്ചിരുന്നത്– ക്രെറ്റേഷ്യസ് യുഗത്തിൽ. അങ്ങനെ കുന്തിരിക്കപ്പശയിൽ നിന്നു ലഭിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒച്ചിന്റെ ഫോസിലെന്ന വിശേഷണവും ഇതിനു ലഭിച്ചു.

പശയിൽ കുടുങ്ങുമ്പോൾ ഒച്ചിനു ജീവനുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അതിൽ നിന്നു രക്ഷപ്പെടാനും ശ്രമിച്ചിട്ടുണ്ട്. ശരീരം വലിഞ്ഞിരിക്കുകയായിരുന്നു എന്നതാണ് അതിന്റെ തെളിവായി ഗവേഷകർ പറയുന്നത്. ചൈനയിലെ ഡെക്‌സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയന്റോളജിയുടെ ശേഖരത്തിലാണ് ഒച്ച് ഇപ്പോഴുള്ളത്. ഇതിനെപ്പറ്റി വിശദമായി പഠിച്ച് ഗവേഷകർ റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

October 16
12:53 2018

Write a Comment