ഒരു പക്ഷിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി ഒരു രാഷ്ട്രം.
ഒരു അപൂര്‍വ പക്ഷിയെ സംരക്ഷിക്കാന്‍ ഒരു രാജ്യംതന്നെ മുന്നിട്ടിറങ്ങിയെന്നു കേട്ടാല്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്. പക്ഷിസംരക്ഷണത്തില്‍ ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് ദക്ഷിണ അമേരിക്കയിലെ ഇക്വഡോര്‍ എന്ന ചെറുരാഷ്ട്രം.
ജോക്കോടോക്കോ ആന്റ്പിറ്റ (Jocotoco Antpitta) എന്നാണ് ഇക്വഡോറിന്‍റെ പ്രത്യേക സംരക്ഷണയിലുള്ള ഈ പക്ഷിയുടെപേര്. നമ്മുടെ നാട്ടിലുള്ള കാവിപ്പക്ഷിയുടെ വര്‍ഗത്തില്‍പ്പെടുന്ന ഒരിനം. കറുത്ത തല, ശരീരത്തില്‍ ചാരവും നീലയും കലര്‍ന്ന നിറം എന്നിവയാണ് ഈ പക്ഷിയുടെ സവിശേഷതകള്‍. കാവിയും മറ്റുവര്‍ണങ്ങളുമുള്ള ഇന്ത്യന്‍ പിറ്റ കേരളത്തിലുണ്ട്. നാല്‍പതില്‍ കൂടുതല്‍ ഇനങ്ങളുള്ള പിറ്റ ദക്ഷിണ ഏഷ്യയിലെ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു.
1997ല്‍ ആണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജോക്കോടോക്കോ ആന്റ്പിറ്റയെ ഇക്വഡോറിലെ ഒരു പ്രധാന വനപ്രദേശമായ ആന്‍ഡീസ് മലനിരകളുടെ കിഴക്കന്‍ ഭാഗമായ ടാപ്പി ചൊലാക്കയില്‍ നിന്ന് കണ്ടെത്തിയത്. ഫിലാഡല്‍ഫിയ അക്കാദമിയിലെ പക്ഷി ഗവേഷകനായ റോബര്‍ട്ട് റിഡ്ജിലിയാണ് കണ്ടെത്തല്‍ നടത്തിയത്. യാദൃശ്ഛികമായിരുന്നു കണ്ടെത്തല്‍. കൂടുതല്‍ നിരീക്ഷിച്ചപ്പോഴാണ് ആന്റ്പിറ്റ എന്ന പുതിയൊരു ഇനമായി അതിനെ കണക്കാക്കാമെന്ന് തിരിച്ചറിഞ്ഞത്.
നനവുള്ള മണ്ണ് വേണം ഈ പക്ഷിക്ക്. ഇരയായി മണ്ണിരകള്‍ തന്നെ വേണം. ടാപ്പി ചാലാക്കലിലെ മഴ കിട്ടുന്ന വനങ്ങളിലാണ് പക്ഷി കൂടുതലുള്ളത്. ഇക്വഡോറിന്റെ അയല്‍രാജ്യമായ പെറുവിലും ഈ പക്ഷികളുണ്ട്. ലോകത്ത് മറ്റെങ്ങും ഇല്ല.
പക്ഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെട്ടപ്പോള്‍ അതിന്റെ സംരക്ഷണത്തിനായി ജോക്കോടോക്കോ ഫൗണ്ടേഷന്‍ (jocotoco antpitta foundation) രൂപീകരിച്ച് ഇക്വഡോര്‍ സര്‍ക്കാര്‍ ചരിത്രം സൃഷ്ടിച്ചു. ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷി ഇപ്പോള്‍ അതില്‍ നിന്നും മെല്ലെ കരകയറിത്തുടങ്ങി.
ആന്റ്പിറ്റയെ കണ്ടെത്തുക വിഷമമുള്ള കാര്യമാണ്. പ്രാദേശിക തലത്തിലുള്ള കമ്മിറ്റികള്‍ വനപ്രദേശങ്ങളിലുണ്ട്. അവര്‍ പലപ്പോഴും വനത്തില്‍ സഞ്ചരിച്ച് പക്ഷിയെ നേരില്‍ കണ്ട് തങ്ങളുടെ ഡയറിയില്‍ രേഖപ്പെടുത്തുന്നു. അങ്ങനെ പക്ഷിയുടെ സാന്നിധ്യം ഉറപ്പാക്കുന്നു. ഒരു പക്ഷിക്കുവേണ്ടി ഒരു രാഷ്ട്രം മുന്‍കൈ എടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങുമുള്ള പക്ഷി നിരീക്ഷകരെയും ഗവേഷകരെയും ആകര്‍ഷിച്ച കാര്യമാണ്.
ജോക്കോടോക്കോ ഫൗണ്ടേഷന്റെ ഇരുപതു വര്‍ഷം പിന്നിട്ട പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഫൗണ്ടേഷന്‍ മുന്നോട്ടു നീങ്ങുന്നത്. ഇതിനകം പന്ത്രണ്ട് സംരക്ഷിത വനപ്രദേശത്തു പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ അമ്പതോളം വംശനാശം നേരിടുന്ന പക്ഷികളെ ഒരു കുടക്കീഴിലാക്കി സംരക്ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു.