GK News

വാലന്‍ എരണ്ട- കേരളത്തിലെത്തുന്ന ദേശാടകന്‍.

ട്ടുമിക്ക ദേശാടനകാലത്തും കേരളത്തില്‍ വന്നെത്താറുള്ള ഒരു കൂട്ടം താറാവുകളാണിവര്‍. വളര്‍ത്തുതാറാവുകളോട് സാമ്യമുള്ള ഇക്കൂട്ടര്‍ക്ക് പേരു സൂചിപ്പിക്കുന്നതുപോലെ പിറകോട്ട് ചൂണ്ടിനില്‍ക്കുന്ന നീണ്ടുകൂര്‍ത്തവാലാണുള്ളത്. മറ്റ് താറാവുകൂട്ടത്തില്‍ നിന്നും പലപ്പോഴും ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നതും ഈ വാലുകളാണ്.  
 
ചോക്‌ളേറ്റ്  നിറത്തോടുകൂടിയ തലയും മാറിടഭാഗത്തെ വെള്ളനിറവും കഴുത്തിന്റെ വശങ്ങളിലായുള്ള വെളുത്ത വരയും വാലന്‍ എരണ്ടകളിലെ ആണ്‍പക്ഷികളെ തിരിച്ചറിയാനുള്ള എളുപ്പമാര്‍ഗങ്ങളാണ്. പറക്കുമ്പോള്‍ ചിറകിന്റെ പിന്‍ഭാഗത്ത് വെളുപ്പും മുന്‍ഭാഗത്തായി ചാരനിറവും വ്യക്തമായി കാണാം. പെണ്‍പക്ഷികളുടെ വാലറ്റം ആണ്‍പക്ഷികളുടേതു പോലെ പിറകോട്ട് നീണ്ടു നില്‍ക്കാറില്ല. പൊതുവെ മങ്ങിയ ബ്രൗണ്‍ നിറമാണ് ഇവയ്ക്ക്. നീണ്ട കഴുത്തും മങ്ങിയ ബ്രൗണ്‍ നിറത്തിലുള്ള തലയും ആകൃതിയിലുള്ള വ്യത്യാസവുമാണ് പെണ്‍പക്ഷികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളങ്ങള്‍.  
 
അലാസ്‌ക, കസാഖ്സ്താന്‍, റഷ്യ, കാനഡ തുടങ്ങിയ ഇടങ്ങളിലെല്ലാം വാലന്‍ എരണ്ടകളുടെ പ്രജനനകേന്ദ്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ താറാവിനത്തിലെ ഒരു ദീര്‍ഘ ദേശാടകനും കൂടിയാണ് വാലന്‍ എരണ്ട. വാലന്‍ എരണ്ടകളുടെ ദേശാടനത്തെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ മണിക്കൂറില്‍ 70കി.മീ വേഗതയില്‍ 2900കിമീറ്ററോളം ദൂരം നിര്‍ത്താതെ പറന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതലും രാത്രികാലങ്ങളിലാണ് ഇവയുടെ ദേശാടനം. ശുദ്ധജലതടാകങ്ങളിലും അഴിമുഖങ്ങളിലും ചതുപ്പുകളിലും കണ്ടുവരുന്ന ഇവ ചെറു ജലസസ്യങ്ങള്‍, വിത്തുകള്‍, പ്രാണികള്‍ തുടങ്ങിയവയാണ് പ്രധാനമായും ആഹാരമാക്കുന്നത്. മിക്കപ്പോഴും വെള്ളത്തില്‍ മുങ്ങി ഇരപിടിക്കുന്നതായാണ് കാണാറ്. ഇവയുടെ നീണ്ട കഴുത്ത് വെള്ളത്തില്‍ മുങ്ങി ഇരപിടിക്കാന്‍ സഹായകരമാണ്.

Malayalam Name: വാലന്‍ എരണ്ട .
Scientific Name: Anas acuta .
English Name: Northern Pintail .

December 17
12:53 2018

Write a Comment