അസമില്‍ നിന്ന് പുതിയൊരിനം വയല്‍ തവളയെ കണ്ടെത്തി
തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ കാണപ്പെടുന്ന വയല്‍ തവളകളുടെ ജീനസില്‍ പെട്ട പുതിയൊരിനത്തെ ഗവേഷകര്‍ അസാമില്‍ നിന്ന് കണ്ടെത്തി. ജനവാസ പ്രദേശത്തിന് സമീപത്ത് കണ്ടെത്തിയ പുതിയ ഇനത്തിന് 'മൈക്രിലിറ്റ ഐഷാനി' എന്നാണ് ശാസ്ത്രീയ നാമം നല്‍കിയത്.
ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജു (ഡോ.എസ്.ഡി.ബിജു) ഉള്‍പ്പെട്ട സംഘമാണ് പുതിയ തവളയിനത്തെ കണ്ടെത്തിയത്. ഡല്‍ഹി സര്‍വകലാശാല, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരും, ഇന്‍ഡൊനീഷ്യ, യു.എസ്.എ. എന്നിവിടങ്ങളില്‍ നിന്നുള്ളവരും പഠനസംഘത്തില്‍ ഉള്‍പ്പെടുന്നു.
'മൈക്രിലിറ്റ' (Micryletta) ജീനസില്‍ പെട്ട തവളകള്‍ക്ക് 'ചെറുവായന്‍ വയല്‍ തവളകള്‍' എന്നാണ് വിളിപ്പേര്. ഈ ജീനസില്‍ പെട്ട അഞ്ചാമത്തെ അംഗമാണ് 'മൈക്രിലിറ്റ ഐഷാനി' (Micryletta aishani) എന്ന് ഗവേഷകര്‍ അറിയിക്കുന്നു. 'ഐഷാനി' എന്ന സംസ്‌കൃത പദത്തിന് 'വടക്കു-കിഴക്ക്' എന്നാണര്‍ഥം. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയതിനാലാണ് ഈ പേര് നല്‍കിയത്.