GK News

അരുണാചലിലെ പ്രച്ഛന്നവേഷക്കാര്‍

ഗുവാഹാട്ടി: വേഷംമാറിനടക്കുന്ന കാര്യത്തില്‍ മനുഷ്യരെക്കാള്‍ കേമന്മാരാണ് തങ്ങള്‍ എന്ന് തെളിയിച്ചിരിക്കുകയാണ് അരുണാചല്‍പ്രദേശില്‍ നിന്നുള്ള ഒരുതരം കാട്ടുപൂച്ചകള്‍. വംശനാശഭീഷണി നേരിടുന്ന സ്വര്‍ണപ്പൂച്ചകളാണ് (ഏഷ്യാറ്റിക് ഗോള്‍ഡന്‍ ക്യാറ്റ്) ഇത്തരത്തില്‍ സാഹചര്യത്തിനനുസരിച്ച് രോമക്കുപ്പായത്തിന്റെ നിറം മാറ്റുന്നവര്‍. 
സിനമണ്‍, മെലനിസ്റ്റിക്, തവിട്ട്, സ്വര്‍ണനിറം, ഓസിലോട്ട്, റോസെറ്റഡ് എന്നിങ്ങനെ ആറു നിറങ്ങളിലാണ് ഈ പൂച്ചകള്‍ കാണപ്പെടുന്നത്. 
സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലേയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലേയും ഇന്ത്യക്കാരായ ശാസ്ത്രജ്ഞരാണ് അരുണാചല്‍ പ്രദേശിലെ ഡിബാങ് താഴ്വരപ്രദേശത്തുനിന്ന് സ്വര്‍ണപ്പൂച്ചകളുടെ ആറു വകഭേദങ്ങളെ കണ്ടെത്തിയത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് രോമക്കുപ്പായത്തിന്റെ നിറം മാറാനും ചുറ്റുപാടിന് അനുയോജ്യമായി ഇത്രയധികം രൂപം സ്വീകരിക്കാനുമുള്ള ഈ പൂച്ചകളുടെ കഴിവ് പരിണാമ ശാസ്ത്രജ്ഞരെ
പ്പോലും അദ്ഭുതപ്പെടുത്തുകയാണ്.  
വ്യത്യസ്ത ഭൂപ്രകൃതികളിലും വനപ്രദേശങ്ങളിലും ഇരയെ കബളിപ്പിച്ച് ഇരതേടാനായാണ് ഇവ വ്യത്യസ്തരൂപം സ്വീകരിക്കുന്നതെന്നാണ് ഇന്ത്യക്കാരനായ ഗവേഷകന്‍ സാഹില്‍ നിഝാവന്റെയും സംഘത്തിന്റെയും അഭിപ്രായം. 
പടിഞ്ഞാറന്‍ ടിബറ്റ്, ഇന്‍ഡൊനീഷ്യ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ വനാന്തരങ്ങള്‍ എന്നിവിടങ്ങളില്‍മാത്രം കാണപ്പെടുന്ന ഈ അപൂര്‍വയിനം പൂച്ചകള്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എന്‍.) ഗുരുതര വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്‍പ്പെടുന്നവയാണ്. 


June 21
12:53 2019

Write a Comment