GK News

പച്ചപ്പ് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയും ചൈനയും മുന്നിൽ

വാഷിങ്ടൺ: ലോകത്ത് പച്ചപ്പ് തിരികെ കൊണ്ടുവരാനായി നടത്തുന്ന ശ്രമങ്ങളിൽ ഇന്ത്യയും ചൈനയും മുന്നിലെന്ന് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസയുടെ പഠനറിപ്പോർട്ട്. മുൻവിധിക്കു വിരുദ്ധമായി 20 വർഷം മുമ്പുള്ളതിനേക്കാൾ ഹരിതാഭമാണ് ഇപ്പോൾ ഭൂമിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് പച്ചപ്പ് നിലനിർത്താനായി നടത്തുന്ന ശ്രമങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയുടെയും ചൈനയുടെയും നേതൃത്വത്തിലാണ്.

ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാസയുടെ റിപ്പോർട്ട്. 2000 മുതൽ 2017 വരെയുള്ള ചിത്രങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ഇന്ത്യൻ ഭൗമശാസ്ത്രജ്ഞനും നാസയിലെ ഗവേഷകനുമായ രാമകൃഷ്ണ നെമാനി, ബോസ്റ്റൺ സർവകലാശാല ഗവേഷകൻ ചി ചെൻ എന്നിവർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ‘നാച്വർ സസ്‍റ്റെയ്നബിലിറ്റി ജേണലി’ൽ പ്രസിദ്ധീകരിച്ചു.

എന്നാൽ, ഭൂമിയുടെ ഒമ്പതുശതമാനം പ്രദേശങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനായതെന്ന് ചി ചെൻ പറഞ്ഞു. ഏറ്റവുംകൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളായ ചൈനയും ഇന്ത്യയുമാണ് കൂടുതൽ വനനശീകരണത്തിന് കാരണക്കാരെന്ന പൊതുബോധം നിലനിൽക്കുന്നിടത്ത് ഇത്തരമൊരു കണ്ടെത്തൽ ശരിക്കും അദ്‌ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ പച്ചപ്പ് 6.6 ശതമാനമാണ് വർധിച്ചത്. ഇതിന്റെ 25 ശതമാനവും ചൈനയിലാണ്. ചൈനയുടെ പച്ചപ്പിന്റെ 42 ശതമാനവും വനങ്ങളാണ്. 32 ശതമാനം കൃഷിയിടങ്ങളും. എന്നാൽ, ഇന്ത്യയുടെ ഹരിതപ്രദേശങ്ങളുടെ 82 ശതമാനവും കൈയാളുന്നത് കൃഷിഭൂമിയാണ്. 4.4 ശതമാനം മാത്രമാണ് വനമേഖലയുടെ പങ്ക്. പത്തുവർഷംകൊണ്ട് ഇന്ത്യയുടെയും ചൈനയുടെയും ഭക്ഷ്യോത്പാദനത്തിൽ 35 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി നെമാനി പറഞ്ഞു

June 25
12:53 2019

Write a Comment