‘ആരോഗ്യപ്പച്ച’യുടെ ജീനോം പുറത്തുവിട്ട് കേരള സർവകലാശാല
അഗസ്ത്യമലയിൽ കണ്ടുവരുന്ന ഔഷധസസ്യം ‘ആരോഗ്യപ്പച്ച’യുടെ മുഴുനീള ജീനോം പ്രസിദ്ധീകരിച്ചു. കേരള സർവകലാശാലയുടെ ബയോഇൻഫർമാറ്റിക്‌സ് വകുപ്പിൽ പ്രവർത്തിക്കുന്ന ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററിന്റെ രണ്ടുവർഷത്തെ ഗവേഷണ ഫലമായാണ് ജീനോം പ്രസിദ്ധീകരിച്ചത്.
കംപ്യൂട്ടർ പ്രോഗ്രാമുകൾ വഴി വിശകലനവും അനോട്ടേഷനും പൂർത്തിയാക്കിയത് ഇന്റർ യൂണിവേഴ്‌സിറ്റി സെന്ററിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയായ ഡോ. ബിജു വി.സി.യുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ്.
ജീനോം ഡേറ്റ അന്താരാഷ്ട്ര ഡേറ്റാബേസായ എൻ.സി.ബി.ഐ.യിലും സർവകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്. പഠനത്തെ ആസ്പദമാക്കിയുള്ള പ്രബന്ധം അമേരിക്കൻ ജനറ്റിക് സൊസൈറ്റിയുടെ ജേണലായ ജീൻസ്, ജീനോം ആൻഡ് ജനറ്റിക്‌സ് (എ3) എന്ന ജേണലിൽ പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് വേരുകളുള്ള കാണി സമുദായമാണ് ആരോഗ്യപ്പച്ചയുടെ വിജ്ഞാനം സമൂഹത്തിന് പകർന്നുനൽകിയത്. സമുദായ അംഗവും ബയോഇൻഫർമാറ്റിക്‌സ് വകുപ്പിലെ ഗവേഷക വിദ്യാർഥിയുമായ അനൂപ് പി.കെ. ഗവേഷക സംരംഭത്തിൽ പങ്കാളിയായി.
ശംഖുപുഷ്പത്തിന്റെ ജീനോം സീക്വൻസിങ് നടന്നു വരികയാണെന്നും തഴുതാമ മുതലായ നാടൻ ചെടികളും സീക്വൻസിങ്ങിനായി പരിഗണിക്കുന്നുണ്ടെന്നും ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഡയറക്ടർ പ്രൊഫസർ അച്യുത് ശങ്കർ അറിയിച്ചു.