GK News

കറുപ്പഴകില്‍ മിന്നി ഈ ആഫ്രിക്കന്‍ വേഴാമ്പല്‍ ......

പശ്ചിമഘട്ടത്തിലെ മലമുഴക്കി വേഴാമ്പലിനെപ്പോലെ കാഴ്ചയില്‍ ഹൃദയഹാരിയല്ലെങ്കിലും ആഫ്രിക്കയിലെ സതേണ്‍ ഗ്രൗണ്ട് ഹോണ്‍ബില്‍ (Southern Ground Hornbill) മുഴക്കത്തോടെ ശബ്ദിക്കുന്ന പക്ഷിയാണ്.

കറുപ്പാണ് നിറം, കഴുത്തില്‍ ചുവപ്പ്; കഴുകന്റെ ഭാവം. കാഴ്ചക്കാര്‍ക്ക് അരോചകമായി തോന്നാം. എന്നാല്‍ ആഫ്രിക്കയിലും ഏഷ്യയിലുമുള്ള 57 ഇനം  വേഴാമ്പലുകളില്‍ ഏറ്റവും വലുതാണിത്.

ഇതിനൊരു പ്രത്യേകതകൂടിയുണ്ട്. ഒരു കണ്ണാടിക്ക് മുന്നില്‍ ഈ വേഴാമ്പലിനെ നിര്‍ത്തൂ. സ്വന്തം രൂപം കണ്ണാടിയില്‍ കാണുമ്പോള്‍ രോഷത്തോടെ ഈ പക്ഷി ആഞ്ഞുകൊത്തും. കട്ടിയില്ലാത്ത കണ്ണാടിയാണെങ്കില്‍ പൊട്ടിച്ചിതറും. ദക്ഷിണാഫ്രിക്ക മുതല്‍ കെനിയ വരെയുള്ള രാജ്യങ്ങളില്‍ മാത്രമാണ് സതേണ്‍ ഗ്രൗണ്ട് ഹോണ്‍ബില്‍ എന്ന ഭീമന്‍ പക്ഷിയെ കാണാന്‍ കഴിന്നത്. എത്യോപ്യയിലും ഈ ആകൃതിയുള്ള പക്ഷിയുണ്ട്.വൃക്ഷങ്ങളിലെ സ്വാഭാവിക പൊത്തുകളിലാണ് അവ കൂടുകൂട്ടുക. തവള, ചെറിയ പാമ്പ്, ഒച്ച് എന്നിവയാണ് ഈ പക്ഷിയുടെ ഇരകള്‍. ഒറ്റയ്ക്കും കൂട്ടമായും അവ കാട്ടില്‍ സഞ്ചരിക്കുക പതിവാണ്. 110 സെന്റിമീറ്റര്‍ വരെ ഉയരമുണ്ട് ഈ വേഴാമ്പലുകള്‍ക്ക്. അവിശ്വസനീയമായി തോന്നാം- അവയുടെ ആയുസ്സ് 60 വയസ്സുവരെ നീളും. എന്നാല്‍ ആഫ്രിക്കയിലെ ഗോത്ര വര്‍ഗക്കാര്‍ക്ക് ഇത് ചിലപ്പോള്‍ ദുഃശ്ശകുനങ്ങളുടെ പക്ഷിയാണ്. വരള്‍ച്ചയും കുഞ്ഞുങ്ങള്‍ക്ക് മാറാരോഗങ്ങളും വരുമ്പോള്‍ ഈ വേഴാമ്പലുകളെ അവര്‍ ആയുധങ്ങള്‍ കൊണ്ട് കൊല്ലും. എന്നാല്‍ ബോധവല്‍കരണത്തിന്റെ ഭാഗമായി ഗോത്രവര്‍ഗക്കാര്‍ ഇപ്പോള്‍ ഇവയുടെ സംരക്ഷകരായി മാറിയിട്ടുണ്ട്.കെനിയ, റുവാണ്ട, ദക്ഷിണാഫ്രിക്ക, അഗോള, നമീബിയ എന്നിവിടങ്ങളില്‍ ഈ വേഴാമ്പലിനെ കാണാം. ആഫ്രിക്കയിലെ പുല്‍മേടുകളിലും മരത്തോപ്പുകളിലുമാണ് അവയെ കൂടുതലായി കാണുക. വംശനാശത്തെ നേരിടുന്ന പക്ഷികളാണ് ഇവ.

ചിത്രം പകർത്തിയത് :പത്മനാഭന്‍ നാരായണൻ ,വന്യജീവി ഫോട്ടഗ്രാഫർ 
കടപ്പാട്-മാതൃഭൂമി 

September 28
12:53 2019

Write a Comment