30 വര്‍ഷങ്ങള്‍ക്കുശേഷം അത്ഭുതകരമായി തിരിച്ചെത്തി മിന്‍ഡോ ഹാര്‍ലിക്യുന്‍ തവളകള്‍.
മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉഭയജീവികളില്‍ പടര്‍ന്നുപിടിച്ച ഫംഗസ് രോഗമായ കൈട്രിഡിയോമൈക്കോസിസ് ഭൂമിയില്‍നിന്നു തുടച്ചുനീക്കിയതായി കണക്കാക്കിയിരുന്ന മിന്‍ഡോ ഹാര്‍ലിക്യുന്‍ തവളകളെ വീണ്ടും കണ്ടെത്തി. 2019 ഓഗസ്റ്റില്‍ വടക്കന്‍ എക്വഡോറിലെ കാടുകളില്‍ നടത്തിയ ഗവേഷണത്തിലായിരുന്നു കണ്ടെത്തല്‍.
അറ്റെലോപസ് മിന്‍ഡോഎന്‍സിസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തവളയെ കാനഡയിലെ ന്യൂ ബ്രന്‍സ്വിക്ക് സര്‍വകലാശാലയിലെ മെലിസ കോസ്റ്റലെസിന്റെ നേതൃത്വത്തിലുള്ള
ജീവശാസ്ത്രസംരക്ഷകരുടെ സംഘമാണ് മൂന്നുപതിറ്റാണ്ടിനുശേഷം കണ്ടെത്തിയത്. 1989 മേയ് 7നുശേഷം ആദ്യമായാണ് ഇവയെ ജീവനോടെ കണ്ടെത്തുന്നത്.
പഠനം ഹെര്‍പെറ്റോളജിക്കല്‍ നോട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. 'മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പ്രത്യക്ഷപ്പെട്ടത് കൈട്രിഡ് രോഗത്തെ അതിജീവിക്കാനുള്ള കഴിവ് ലഭിച്ചു എന്നതിന്റെ തെളിവാണ്' കോസ്റ്റല്‍സ് പറഞ്ഞു. 2003മുതല്‍ വംശനാശത്തില്‍നിന്നു തിരിച്ചെത്തിയ അറ്റെലോപസ് ജീവിവര്‍ഗത്തിലെ ഒമ്പതാമത്തെ ഇനമാണ് മിന്‍ഡോ ഹര്‍ലിക്യുന്‍ തവളകള്‍. എക്വഡോറില്‍ 25 ഇനം അറ്റെലോപ്‌സ് ഉണ്ട്. അവയെല്ലാം ഗുരുതരമായി വംശനാശഭീഷണി നേരിടുകയാണ്. 1980-കള്‍ക്കുശേഷം പകുതിയലധികം സ്പീഷിസുകളെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
April 28
12:53
2020