GK News

ലോക ബാല വേല വിരുദ്ധദിനം .

ജൂണ്‍ 12, ബാലവേല വിരുദ്ധദിനം രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്തായ കുട്ടികളെ, സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് കൂട്ടുകാര്‍ക്കറിയാമല്ലോ? കുട്ടികളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും നിറമുള്ള സ്വപ്നങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതഭാരം ചുമലിലേറ്റി തെരുവോരങ്ങളില്‍ അലയുന്ന കുട്ടികളെ കൂട്ടുകാര്‍ കണ്ടിട്ടില്ലേ? ഭക്ഷണശാലകളില്‍, കൃഷിയിടങ്ങളില്‍, കച്ചവടകേന്ദ്രങ്ങളില്‍ ഒക്കെ ദൈന്യതയാര്‍ന്ന കണ്ണുകളുമായി  പണിയെടുക്കുന്ന 'കുട്ടിപണിക്കാരെ' 
നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ക്രൂരമായ ബാലവേലയുടെ ഇരകളാണ്  ഈ കുഞ്ഞുങ്ങള്‍.
ഇത്തിരി സ്‌നേഹം, ഒരിറ്റു ദയ, അല്പം ലാളന, അതിനുവേണ്ടി ദാഹിക്കുന്ന കോടിക്കണക്കിനു കുട്ടികള്‍ ലോകത്തുണ്ട്. ഒരു നേരത്തെ വിശപ്പടക്കാന്‍ ഗതിയില്ലാതെ അലഞ്ഞു തിരിയുന്നവര്‍, ജനിച്ചപ്പോള്‍ തന്നെ തെരുവിലുപേക്ഷിക്കപ്പെട്ടവര്‍, പട്ടിണി മാറ്റാന്‍ കഠിനാധ്വാനം ചെയേണ്ടിവരുന്നവര്‍, തെരുവു കൊള്ളക്കാരുടെ പിടിയില്‍പ്പെട്ട് കുറ്റകൃത്യങ്ങള്‍ ചെയ്യേണ്ടിവരുന്നവര്‍, യുദ്ധഭീതിയില്‍ കഴിയുന്നവര്‍. ഇങ്ങനെ നീളുന്നു പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ബാല്യങ്ങളുടെ പട്ടിക. ഇവരില്‍ ഭൂരിപക്ഷവും അപകടകരമായ തൊഴിലിടങ്ങളിലാണ് പണിയെടുക്കുന്നത് . സര്‍ക്കസ്, ആന 
പരിശീലനം, കീടനാശിനി നിര്‍മ്മാണം, പടക്കനിര്‍മ്മാണ ശാലകള്‍, 
ഖനിയിടങ്ങള്‍ എന്നിങ്ങനെ അപകടകരമായ  തൊഴില്‍ സാഹചര്യങ്ങളിലാണ് പല കുട്ടികളും വളരുന്നത്.

ബാലവേലയെന്നാല്‍

കുട്ടികളെ ശാരീരികവും മാനസികവും  സാമൂ ഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വ്വചിച്ചിരിക്കുന്നത്. ലോകമെമ്പാടും കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കുന്ന പ്രവണത ഏറിവരികയാണെന്നാണ് 
യുനിസെഫ്  പ്രസിദ്ധീ കരിച്ച റിപ്പോര്‍ട്ടിലെ കണക്ക്. ഹ്യൂമന്റൈറ്റ്‌സ്  ന്യൂസ് വേള്‍ഡിന്റെ സമീപകാല കണക്കുപ്രകാരം ലോകത്താകമാനം 25 കോടിയിലധികം കുട്ടികള്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നുണ്ട്. 2001-ലെ സെന്‍സസ് കണക്കുപ്രകാരം ഇന്ത്യയിലാകമാനം ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 1.2 കോടിയാണ്.  17 ഉം 18 ഉം മണി ക്കൂറുകള്‍ വരെ പണിയെടുക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്.  ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവര്‍ 10 നും  
14നും ഇടയ്ക്ക്  പ്രായമുള്ള കുട്ടികളില്‍ 14% ത്തിലധികമാണ്.  അയല്‍രാജ്യങ്ങളിലെ കണക്ക് ഇങ്ങനെയാണ്. ബംഗ്‌ളാദേശ് (30.2), ചൈന (11.6) പാകി സ്ഥാന്‍ (17.7). ആഭരണ 
തൊഴില്‍ ശാലകള്‍, തുന്നല്‍ കേന്ദ്രങ്ങള്‍, കാര്‍പെറ്റ് നിര്‍മാണശാലകള്‍ എന്നിവയിലൊക്കെയുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും കുട്ടികളാണ്. ശിവകാശിയിലെ തീപ്പെട്ടി, പടക്കനി ര്‍മ്മാണ കമ്പനികളിലും സൂററ്റിലെ വജ്രക്കല്ല് പൊ ളിഷിങ്ങ് മേഖലയിലും  ഫിറോസാബാദിലെ ഗ്ലാസ്സ് ഫാക്ടറിയിലും ചെന്നു നോക്കിയാല്‍ ബാലവേലക്കാരുടെ വലിയൊരു കൂട്ടത്തെ കാണാം. 
സാക്ഷരരുടെ നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലുമുണ്ട് ബാലവേലക്കാര്‍. 2012-ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ബാലവേല കൂടി വരികയാണ്. ഒഡീസ, ബംഗാള്‍, ബീ ണഹാര്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍  നിന്നും ഹോട്ടല്‍ജോലി, റോഡ്പണി, വീട് നിര്‍മ്മാണം, 
ഇഷ്ടിക ജോലി എന്നിവയ്ക്കായി ഇടനിലക്കാര്‍ കുട്ടികളെ കൊണ്ടുവരുന്നു. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറഞ്ഞകൂലി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയെന്ന താണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള പ്രധാന കാരണം. ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ 
നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.

1989-ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളിയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO) ബാലവേലയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (International Programme on the Elimination of Child Labour) 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു. 2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോക ബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്. ബാലവേല ഇല്ലായ്മ ചെയ്യുന്നതിനാ വശ്യമായ ബോധവവല്‍ക്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.  

നിലവിലുണ്ട് നിയമങ്ങള്‍ 

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് വേല 
ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു. 1986 ലെ Child labour & Prohibition Act (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടിക
ളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാ ക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997 ലെ അടിമ നിരോധന നിയമം, 2000 ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്‌ക്കെതിരെ നിലവിലുണ്ട്. 2006 ഒക്‌ടോബര്‍ 10 മുതല്‍ 
ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. അതുമല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം.

June 12
12:53 2020

Write a Comment